കൊച്ചി: ലക്ഷദ്വീപ് കപ്പൽ സർവിസുകൾ കുറച്ചതോടെ രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരം കാണാതെ അധികൃതർ. ഏഴ് കപ്പലുകളിലായി 2300 യാത്രക്കാരുണ്ടായിരുന്ന സർവിസുകളുടെ സ്ഥാനത്ത് 150 സീറ്റുള്ള ഒരു കപ്പൽ മാത്രമാണ് ഇപ്പോഴുള്ളത്. ദുരിതം സംബന്ധിച്ച് പരാതിപ്പെട്ടിട്ടും അഡ്മിനിസ്ട്രേഷൻ നടപടികളെടുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. 700 സീറ്റുള്ള എം.വി കവരത്തി, 400 സീറ്റ് വീതമുള്ള എം.വി കോറൽസ്, എം.വി ലഗൂൺ, 250 സീറ്റ് വീതമുള്ള എം.വി ലക്ഷദ്വീപ് സീ, എം.വി അറേബ്യൻ സീ, 150 സീറ്റ് വീതമുള്ള എം.വി അമിനി, എം.വി മിനിക്കോയ് എന്നിങ്ങനെയായിരുന്നു കപ്പൽ സർവിസുകൾ. ഇപ്പോൾ ഇതിൽ എം.വി ലഗൂൺ മാത്രമാണ് സർവിസിനുള്ളത്. അറ്റകുറ്റപ്പണികളുടെയും മറ്റും പേരിൽ കൊണ്ടുപോയ കപ്പലുകൾ തിരിച്ചെത്തിക്കണമെന്നാണ് ദ്വീപ് ജനതയുടെ ആവശ്യം. 2023ൽ അറ്റകുറ്റപ്പണിക്കായി ഡോക്കിൽ കയറ്റിയ എം.വി ലക്ഷദ്വീപ് ഇനിയും തിരികെയെത്തിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് മറ്റ് കപ്പലുകളും ഡോക്കിലേക്ക് കൊണ്ടുപോയത്.
ഹൈസ്പീഡ് ക്രാഫ്റ്റ് വെസലുകളിൽ 150 സീറ്റുകൾ വീതമുള്ള എച്ച്.എസ്.സി പറളി, എച്ച്.എസ്.സി ചെറിയപാണി, എച്ച്.എസ്.സി വലിയപാണി എന്നിവ കൊച്ചിയുമായി ബന്ധിപ്പിച്ചാണ് സർവിസ്. എന്നാൽ, മണിക്കൂറുകളോളമുള്ള ദീർഘദൂര യാത്രയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് എച്ച്.എസ്.സികൾ സൗകര്യപ്രദമല്ലെന്ന് ദ്വീപ് നിവാസികൾ വ്യക്തമാക്കുന്നു. ടൂറിസം സീസണും ക്രിസ്മസ് അവധിയുമൊക്കെയായി യാത്ര ചെയ്യേണ്ട വിദ്യാർഥികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ളവർ പ്രയാസത്തിലാണ്. നൂറുകണക്കിന് ലക്ഷദ്വീപ് നിവാസികളാണ് അവധി ദിനങ്ങളിൽ നാട്ടിലെത്താനാകാതെ കേരളത്തിലും മറ്റും കുടുങ്ങിയത്. ചികിത്സക്കും മറ്റുമായി കേരളവുമായി ബന്ധപ്പെടുന്നവരും പ്രതിസന്ധിയിലായി. അടിയന്തരനടപടി ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേഷന് കത്ത് നൽകിയെങ്കിലും അവർ മൗനത്തിലാണെന്ന് ലക്ഷദ്വീപ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി എൽ.എഫ്. മുഹമ്മദ് പറഞ്ഞു. കൃത്യമായ മുന്നൊരുക്കങ്ങളില്ലാത്ത ഉദ്യോഗസ്ഥരുടെ നടപടികളാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. ബുക്കിങ്ങിന് ആവശ്യമായ സമയം ലഭ്യമാക്കാതെ കപ്പൽ ഷെഡ്യൂളുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥിതിയും അഡ്മിനിസ്ട്രേഷൻ ആവശ്യങ്ങൾക്ക് നിരവധി ടിക്കറ്റുകൾ ബ്ലോക്ക് ചെയ്യുന്നതുമായ അവസ്ഥയുമുണ്ട്. പോർട്ട്, ഷിപ്പിങ്, ഏവിയേഷൻ ഡിപ്പാർട്മെന്റിന് നിലവിലെ റിക്രൂട്ട്മെന്റ് റൂളനുസരിച്ച് യോഗ്യതയുള്ള തലവനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



