കണ്ണാറ: വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കുന്നതിനായി ഡിവൈഎഫ്ഐ നടത്തുന്ന റീബിൽഡ് വയനാട് ക്യാമ്പയിന് മാരായ്ക്കൽ സ്വദേശിനി മുകുളയിൽ തങ്കമ്മ രാമകൃഷ്ണൻ മകൻ എം.ആർ.രതീഷും കൈമാറിയത് 30 സെന്റ് ഭൂമി. ഡിവൈഎഫ്ഐ മുൻ പീച്ചി മേഖല എക്സിക്യൂട്ടീവ് അംഗമായിരുന്നു രതീഷ് മാതാവാണ് തങ്കമ്മ. ഇടുക്കി ഇരട്ടയാർ വില്ലേജിൽ പിതൃസ്വത്തിന്റെ വീതം കിട്ടിയ 30 സെന്റ് ഭൂമിയാണ് ദുരിതബാധിതർക്ക് വീടൊരുക്കാൻ തങ്കമ്മ നൽകിയത്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി.വസീഫ് എന്നിവർ തങ്കമ്മയിൽ നിന്ന് ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി. ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് വീടൊരുക്കാൻ ഡിവൈഎഫ്ഐ വിവിധ പ്രവർത്തനങ്ങളിലൂടെ ധനസമാഹരണം നടത്തിക്കെണ്ടിരിക്കുകയാണ്. അതിനായി തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് തങ്കമ്മയുടെ കുടുംബം.
എം.ആർ രതീഷ് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ താൽക്കാലിക തൊഴിലാളിയാണ്. സഹോദരിമാരിൽ ഒരാളായ സിന്ധുമോൾ കാർഷിക സർവ്വകലാശാലയിലെ താൽക്കാലിക ജീവനക്കാരിയും മറ്റൊരു സഹോദരിയായ ഇന്ദുമോൾ കടങ്ങോട് ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്കുമാണ്. ഡിവൈഎഫ്ഐ തൃശൂർ ജില്ല സെക്രട്ടറി വി.പി ശരത്പ്രസാദ്, മണ്ണുത്തി ബ്ലോക്ക് സെക്രട്ടറി മനു പുതിയാമഠം, പ്രസിഡന്റ് നിബിൻ ശ്രീനിവാസൻ, ജില്ലാ കമ്മിറ്റിയംഗം രജില വിജയൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, സിപിഐഎം പീച്ചി ലോക്കൽ സെക്രട്ടറി എം. ബാലകൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗം വി.സി സുജിത്ത്, ബ്രാഞ്ച് സെക്രട്ടറി ജോർജ് മറ്റത്തിൽ, ഇ.എം വർഗ്ഗീസ്, വാർഡ് മെമ്പർ റെജീന ബാബു, കെ.വി അനിത. രാജു,എ.ജീ.സുബിൻ കുമാർ. അലൻ എന്നിവർ പങ്കെടുത്തു.