കൊച്ചി: കേരളത്തിലെയും യുഎഇയിലെയും കലാകാരൻമാരുടെ മികവിന് ആഗോള വേദിയൊരുക്കി ദർബാർ ഹാളിൽ അന്താരാഷ്ട്ര ആർട്ട് എക്സിബിഷന് തുടക്കമായി. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് എക്സിബിഷൻ. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എക്സിബിഷൻ ഉ ദ്ഘാടനം ചെയ്തു.
കലാകാരൻമാർക്ക് ആഗോളവേദിയൊരുക്കുന്ന റിസ്ഖ് ആർട്ട് ഇനീഷ്യേറ്റീവിന്റെയും ഷഫീന യൂസഫലിയുടെയും ചുവടുവയ്പ്പ് മാതൃകാപരമെന്നും കേരളത്തിലെ കലാകാരൻമാർക്ക് മികച്ച അവസരമാണ് റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് നൽകുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ഇന്തോ അറബ് സാംസ്കാരിക കൈമാറ്റത്തിന്റെ വേദികൂടിയാണ് എക്സിബിഷനെന്നും, കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാർക്ക് പിന്തുണയുടെ വാതിൽ തുറക്കുകയാണ് പ്രദർശനമെന്നും റിസ്ക്ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടർ കൂടിയായ ഷഫീന യൂസഫലി അഭിപ്രായപ്പെട്ടു. ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, അബുദാബി ആർട്ട് ഡയറക്ടർ ദിയാല നസീബ്, റിസ്ഖ് ആർട്ട് ഇനീഷ്യേറ്റീവ് ക്രീയേറ്റീവ് ഡയറക്ടർ മീന വാരി, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണൻ, റിസ്ഖ് ആർട്ട് ഇനീഷ്യേറ്റീവ് കോർഡിനേറ്റർ മാളവിക എസ് എന്നിവർ പങ്കെടുത്തു. എക്സിബിഷൻ ആഗസ്റ്റ് 18 വ രെ നീണ്ട് നിൽക്കും.