വടക്കാഞ്ചേരി: രാമായണം ഭാരത സംസ്ക്കാരത്തെ പ്രോജ്ജ്വലിപ്പിച്ച ഉജ്ജ്വല ഗ്രന്ഥമാണെന്ന് റിട്ട ട്രെയ്നിങ് കോളേജ് പ്രിൻസിപ്പാൾ കുറ്റിപ്പുഴ രവി അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി ടൗൺ മാരിയമ്മൻകോവിലിൽ രാമായണമാസാചരണത്തിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതമുള്ള കാലത്തോളം രാമായണത്തിന്റെ പ്രാധാന്യം നിലനിൽക്കുമെന്നും കുറ്റിപ്പുഴ രവി പറഞ്ഞു. രാമായണ മാസാചരണത്തിൻ്റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൈലക്കൂട്ടത്തിൽ നീലകണ്ഠൻ നമ്പൂതിരി നിർവ്വഹിച്ചു. ചടങ്ങിൽ സേവാ സമിതി പ്രസിഡണ്ട് എസ്.ആർ. മുത്തുകൃഷ്ണൻ അധ്യക്ഷനായി. അദ്ധ്യാത്മികാചാര്യൻമാരായ അഡ്വ. ടി.എസ്. മായാദാസ്, കുണ്ടന്നൂർ ഹരിദാസ്, വനജ ശങ്കർ, സേവാ സമിതി സെക്രട്ടറി ബി. സതീഷ് പിള്ള എന്നിവർ പ്രസംഗിച്ചു. രാമായണ പാരായണത്തിൽ താൽപ്പര്യമുള്ള എല്ലാവർക്കും രാമായണ പാരായണത്തിനുള്ള അവസരം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് സേവ സമിതി ഭാരവാഹികൾ അറിയിച്ചു.



