ന്യൂഡല്‍ഹി: രാജ്യത്തെ നക്‌സല്‍ മുക്തമാക്കും എന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡില്‍ സിപിഐ (മാവോയിസ്റ്റ്) യിലെ 22 അംഗങ്ങളെ സുരക്ഷാ സേന കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നരേന്ദ്ര മോദി സര്‍ക്കാര്‍ നക്‌സലൈറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി മുന്നോട്ട് പോകുകയാണെന്ന് അമിത് ഷാ പറഞ്ഞു.
എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ടും കീഴടങ്ങാത്ത തീവ്രവാദികള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. ‘ഇന്ന് ‘നക്‌സല്‍ മുക്ത് ഭാരത് അഭിയാന്‍ എന്ന ദിശയില്‍ നമ്മുടെ സൈനികര്‍ മറ്റൊരു വലിയ വിജയം കൈവരിച്ചു. ഛത്തീസ്ഗഡിലെ ബിജാപൂരിലും കാങ്കറിലും നമ്മുടെ സുരക്ഷാ സേന നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.
കീഴടങ്ങാത്ത നക്‌സലൈറ്റുകള്‍ക്കെതിരെ സീറോ ടോളറന്‍സ് നയമാണ് സ്വീകരിക്കുന്നത് എന്നും അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ രാജ്യം നക്‌സല്‍ രഹിതമാകും എന്നും അമിത് ഷാ പറഞ്ഞു. ഇന്ന് രാവിലെയാണ് ബിജാപൂര്‍, കാങ്കര്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുമായി സുരക്ഷാ സേന ഏറ്റുമുട്ടല്‍ നടത്തിയത്. ബിജാപൂരില്‍ 18 നക്‌സലുകള്‍ കൊല്ലപ്പെട്ടപ്പോള്‍ കാങ്കറില്‍ നാല് മാവോയിസ്റ്റുകളെ ബിഎസ്എഫും സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ വധിച്ചു.