ഹാംബര്‍ഗ്: ലോകോത്തര സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗീസ് ആരാധകര്‍ക്കും യൂറോ 2024 ല്‍ നിരാശയോടെ മടക്കം. ഫ്രാന്‍സ് പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. കരിയറിലെ അവസാന യുറോ കളിക്കുന്ന ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാതെയാണ് യൂറോയില്‍ കരിയര്‍ അവസാനിപ്പിക്കുന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 നായിരുന്നു ഫ്രാന്‍സിന്റെ ജയം. ഫ്രാന്‍സിന്റെ എല്ലാ താരങ്ങളും കിക്ക് വലയില്‍ എത്തിച്ചപ്പോള്‍ പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്‌സിന്റെ പെനാല്‍റ്റി പോസ്റ്റില്‍ തട്ടി മടങ്ങി. ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പം ടീമിലെ സീനിയര്‍ താരം പെപ്പെയ്ക്കും ഈ യൂറോയോടെ മടക്കമാണ്. ടീം പുറത്തായതിന് പിന്നാലെ കണ്ണീരില്‍ കുതിര്‍ന്ന 41 കാരനായ പെപ്പെയെ റൊണാള്‍ഡോ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. രണ്ടുപേര്‍ക്കും ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാനാകാതെയാണ് മടക്കം.
ഇരുടീമുകളും ചാന്‍സുകള്‍ പാഴാക്കുന്നതില്‍ മത്സരിച്ചപ്പോള്‍ 120 മിനിറ്റ് നീണ്ടിട്ടും കളിയില്‍ ഗോള്‍ പിറന്നില്ല. അധികസമയത്ത് ക്‌ളോസ്‌റേഞ്ചില്‍ തകര്‍പ്പനൊരു ചാന്‍സ് ക്രിസ്ത്യാനോ റൊണാള്‍ഡോ പാഴാക്കുന്നത് കണ്ട് പോര്‍ച്ചുഗല്‍ ആരാധകര്‍ തലയില്‍ കൈവെച്ച് ഇരുന്നുപോയി. പോര്‍ച്ചുഗലിനെ കീഴടക്കിയ ഫ്രാന്‍സിന് അടുത്ത എതിരാളികള്‍ സ്‌പെയിനാണ്. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ ജര്‍മ്മനിയെ കീഴടക്കി സെമിയിലെത്തി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്റെ ജയം. ഒലെമോ, മികേല്‍ മരീനോ എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു സ്‌പെയിന്‍ സെമിയില്‍ കടന്നത്. ഫ്‌ളോറിയന്‍ വിര്‍ട്‌സ് ജര്‍മ്മനിയുടെ ഗോള്‍ നേടി. ഒലെമോയുടെ ഗോളില്‍ സ്‌പെയിന്‍ സാധാരണസമയത്ത് 89 ാം മിനിറ്റ് വരെ മുന്നിലായിരുന്നു. എന്നാല്‍ അധികസമയത്ത് മികേല്‍ മരീനോയുടെ ഗോളില്‍ സ്‌പെയിന്‍ ജര്‍മ്മനിയെ വീഴ്ത്തി.



