കാട്ടാക്കട: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെ മറ്റൊരു ബൈക്കിലെത്തിയ സംഘം തലയ്ക്കടിച്ചു പരിക്കേല്‍പ്പ് പണവും മൊബൈല്‍ഫോണും കവര്‍ന്നു. മലയിന്‍കീഴ് മലയം ചൂഴാറ്റുകോട്ട കല്ലുപാലം വീട്ടില്‍ അജയകുമാര്‍ (40) നെയാണ് മൂന്നംഗസംഘം തടഞ്ഞു നിര്‍ത്തി തലയില്‍ ബിയര്‍കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. കൂടാതെ അജയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന 4500-രൂപയും 21,000-രൂപയിലധികം വിലയുള്ള മൊബൈലും അക്രമികള്‍ കവര്‍ന്നു. ഗുരുതരമായി പരിക്കേറ്റ അജയകുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെ കാട്ടാക്കട ബസ് സ്റ്റാന്റിന് മുന്നിലായിരുന്നു സംഭവം. മൂന്ന് പേരാണ് ഒരു ബൈക്കില്‍ എത്തി തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച ശേഷം ബിയര്‍ കുപ്പി കൊണ്ട് തലയില്‍ അടിച്ചതെന്നും മുന്‍വൈരാഗ്യമാണ് കാരണമെന്നും അജയകുമാര്‍ പറഞ്ഞു. അക്രമികള്‍ പൂഴനാട് സ്വദേശികളാണ്. മലയം എസ്.കെ ടൈല്‍സ് കടയിലെ ജീവനക്കാരനാണ് അജയകുമാര്‍.