ന്യൂയോർക്ക്: യുക്രൈന് സുരക്ഷാ ഉറപ്പുകള്‍ നല്‍കേണ്ടത് യൂറോപ്പാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഇടപെടല്‍ കൊണ്ട് സുരക്ഷാ ഉറപ്പ് ലഭിക്കില്ലെന്നും ആദ്യ കാബിനറ്റ് യോഗത്തില്‍ ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രസ്താവന. റഷ്യയില്‍ നിന്ന് സുരക്ഷാ ഉറപ്പ് തന്നാല്‍ ധാതുനിക്ഷേപത്തിന്‍റെ കാര്യത്തില്‍ എന്ത് കരാറിനും സന്നദ്ധമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സെലന്‍സ്കി വെള്ളിയാഴ്ച വാഷിങ്ടണിലെത്തി കരാര്‍ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു. ഉറപ്പ് ലഭിക്കാതെയാണ് സെലന്‍സ്കിയുടെ വരവ്. ട്രംപ് സമ്മര്‍ദം ശക്തമാക്കിയതോടെയാണ് യുക്രൈന്‍ കരാറിന് വഴങ്ങിയത്.