Sunday, May 17, 2026
No menu items!
Homeവാർത്തകൾയു.ഡി.എഫ് മന്ത്രിസഭ, വകുപ്പുകളിൽ ഏകദേശ ധാരണ; മന്ത്രിമാരുടെ പട്ടിക ഇന്ന് ഉച്ചയോടെ ഗവർണർക്ക് കൈമാറും

യു.ഡി.എഫ് മന്ത്രിസഭ, വകുപ്പുകളിൽ ഏകദേശ ധാരണ; മന്ത്രിമാരുടെ പട്ടിക ഇന്ന് ഉച്ചയോടെ ഗവർണർക്ക് കൈമാറും

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും സംബന്ധിച്ച് ഏകദേശ ധാരണയായി. സാമുദായിക സമവാക്യങ്ങളും പ്രാദേശിക പരിഗണനകളും മുൻനിർത്തിയുള്ള തർക്കങ്ങളാണ് പ്രഖ്യാപനം വൈകാനിടയാക്കിയത്. ഇന്ന് ഉച്ചയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറും. സ്പീക്കർ സ്ഥാനത്തേക്ക് എൻ. ശക്തൻ, റോജി എം. ജോൺ, വി.ടി. ബൽറാം എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ എന്നിവർ കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വി.ഡി. സതീശൻ (മുഖ്യമന്ത്രി): ധനം, തുറമുഖം, രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, കെ. മുരളീധരൻ: ആരോഗ്യം, സണ്ണി ജോസഫ്: റവന്യൂ, എം. ലിജു: എക്സൈസ്, സി.പി. ജോൺ (സി.എം.പി): ഗതാഗതം എന്നിങ്ങനെ വകുപ്പുകളിൽ ധാരണയായതായാണ് അറിയാൻ കഴിയുന്നത്. കെ.സി. വേണുഗോപാൽ പക്ഷം മുന്നോട്ടുവെച്ച എട്ട് പേരുകളിൽ സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നീ അഞ്ച് പേർക്ക് നിലവിൽ അംഗീകാരമായിട്ടുണ്ട്. ചെന്നിത്തലക്കൊപ്പം അൻവർ സാദത്തിനെയോ ഐ.സി. ബാലകൃഷ്ണനെയോ പരിഗണിക്കണമെന്ന ആവശ്യത്തിൽ തർക്കം തുടരുകയാണ്. ഇതിൽ അൻവർ സാദത്തിനാണ് ചെന്നിത്തല മുൻഗണന നൽകുന്നത്. അതേസമയം, കെ. മുരളീധരന് പുറമെ പുതുമുഖമായ ചാണ്ടി ഉമ്മനെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് വി.ഡി. സതീശൻ പക്ഷം. ഘടകകക്ഷികളെ അനുനയിപ്പിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ കേരള കോൺഗ്രസ് (ജോസഫ്) ഉറച്ചുനിൽക്കുന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാമെന്ന കോൺഗ്രസ് നിർദ്ദേശം ജോസഫ് ഗ്രൂപ്പ് തള്ളി. സിവിൽ സപ്ലൈസ് വകുപ്പ് നൽകാമെന്ന് അറിയിച്ചെങ്കിലും ആർ.എസ്.പിയും വഴങ്ങിയിട്ടില്ല.വൈദ്യുതിയോ ടൂറിസമോ വേണമെന്നാണ് അവരുടെ ആവശ്യം. ഒറ്റ എം.എൽ.എമാരുള്ള കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനുള്ള ഫോർമുലക്കെതിരെ മാണി സി. കാപ്പൻ ഉൾപ്പെടെയുള്ളവർ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. പൂർണസമയ മന്ത്രിസ്ഥാനം വേണമെന്നാണ് ഇവരുടെ ആവശ്യം. ലീഗ് മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും അതിനിടെ, മുസ്‌ലിം ലീഗ് മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. തിരുവനന്തപുരത്ത് ചേരുന്ന ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തുക. അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് പ്രതീക്ഷിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അഞ്ചാം മന്ത്രിയായി പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ, എ.കെ.എം. അഷ്റഫ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments