ഡല്‍ഹി: മുസ്ലീങ്ങള്‍ക്ക് ശരിഅത്തിന് പകരം ഇന്ത്യയിലെ പിന്തുടര്‍ച്ചാവകാശനിയമം ബാധകമാക്കാമോ എന്ന വിഷയം പരിശോധിക്കാന്‍ സുപ്രീംകോടതി. തനിക്ക് മുസ്ലീമായി തുടര്‍ന്നുകൊണ്ടുതന്നെ പിന്തുടര്‍ച്ചാവകാശം ബാധകമാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയായ കെ.കെ. നൗഷാദ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസയച്ചു. വില്‍പ്പത്രം തയ്യാറാക്കുമ്പോള്‍ മുസ്ലീം വ്യക്തിനിയമങ്ങളുടെ നിയന്ത്രണത്തില്‍നിന്ന് മാറി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തില്‍ ജനിച്ചെങ്കിലും അവിശ്വാസിയായി മാറിയവര്‍ക്കു ശരിഅത്ത് ബാധകമാക്കരുതെന്നാവശ്യപ്പെട്ട് മലയാളിയായ പി.എം. സഫിയ നല്‍കിയ ഹര്‍ജി സുപ്രീംകോടതിക്ക് മുന്‍പാകെയുണ്ട്. മതം ഉപേക്ഷിച്ച മുസ്ലീങ്ങള്‍ക്ക് ശരിഅത്തിന് പകരം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം ബാധകമാക്കണമെന്ന ഈ ഹര്‍ജിയിലും നേരത്തേ സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടിതേടിയിരുന്നു.



