എറണാകുളം: കൊച്ചി ഇനി വർണക്കാഴ്ചകളുടെ ആഘോഷങ്ങളിലേക്ക്. മുസിരിസ് ബിനാലയുടെ ആറാം പതിപ്പിന് ഇന്ന് ഫോർട്ട് കൊച്ചിയിൽ തുടക്കം. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്യും.
ഫോർ ദ ടൈം ബീയിംഗ് എന്ന പേരിലാണ് ബിനാലയുടെ ആറാം പതിപ്പ് ജനങ്ങളിലേക്കെത്തുന്നത്. ബിനാലെക്ക് മുന്നോടിയായി പശ്ചിമ കൊച്ചിയുടെ തെരുവുകളിലെ മതിലുകളിലും കെട്ടിടങ്ങളിലും ചിത്രമെഴുത്തിന്റെ വർണ്ണങ്ങൾ നിറഞ്ഞു കഴിഞ്ഞു. 2026 മാർച്ച് 30 വരെ 109 ദിവസം നീണ്ടുനിൽക്കുന്നതാണ് ബിനാലെ ആറാം പതിപ്പ്. സർക്കാർ നൽകുന്ന സാമ്പത്തിക സഹായവും കലയെ സ്നേഹിക്കുന്ന ഉദാരമദികളുടെ സഹായവും കൊണ്ടാണ് ബിനാലെ യാഥാർത്ഥ്യമാകുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ വി വേണു പറഞ്ഞു.
വൈകിട്ട് ആറിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ആറാം പതിപ്പ് ഉദ്ഘാടനം ചെയ്യും. 25 രാജ്യങ്ങളിൽ നിന്നായി 66 കലാകാരൻമാരുടെ സൃഷ്ടികളാണ് ഇത്തവണ പ്രദർശനത്തിനുണ്ടാകുക. വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികളുടെ തിരക്കിലായ പശ്ചിമ കൊച്ചിയിലെ വഴികളെല്ലാം ഇനിയുള്ള മൂന്നരമാസം കലാ വിരുന്നുകളുടെ ബിനാലെ ഗാലറിയിലേക്ക് നീളും



