കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാട്ടാന വീണു. പെരിയാർ കടുവ സങ്കേതത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കനാലിലൂടെ ഒഴുകിനീങ്ങിയ ആന അണക്കെട്ടിന്റെ ഷട്ടറിൽനിന്ന് 100 മീറ്ററോളം അകലെയുള്ള ഗ്രില്ലിൽ തങ്ങി നിന്നു. വനപാലകരാണ് ആന ഗ്രില്ലിൽ തങ്ങിനിൽക്കുന്നതായി ആദ്യം കണ്ടത്.
കനാലിൽ നീരൊഴുക്ക് ശക്തമായതിനാൽ ആനയ്ക്ക് കരയ്ക്ക് കയറാൻ സാധിച്ചില്ല. സെക്കൻഡിൽ 120 ഘനയടി വെള്ളമാണ് നിലവിൽ ഈ കനാലിലൂടെ തമിഴ്നാട് കൊണ്ടുപോകുന്നത്. തുടർന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് പൂർണമായും കുറച്ചതോടെ കാട്ടാന നീന്തികരയ്ക്കുകയറി രക്ഷപ്പെടുകയായിരുന്നു.ആന തങ്ങി നിന്ന ഗ്രില്ലിന് ശേഷംതുരങ്കത്തിലൂടെയാണ് വെള്ളം തമിഴ്നാട്ടിലേക്ക് പോകുന്നത്. കേരള അതിർത്തി അവസാനിക്കുന്നതുവരെ തുരങ്കത്തിന് ദൈർഘ്യമുണ്ട്. കഴിഞ്ഞരാത്രിയിൽ പ്രദേശത്തുണ്ടായിരുന്ന പിടിയാനയാണ് കനാലിൽ വീണത്.



