കൊച്ചി: മുനമ്ബം പ്രശ്നത്തില്‍ സമവായ നീക്കവുമായി മുസ്‍ലിം ലീഗ്. ലീഗ് നേതാക്കള്‍ ലത്തീൻ കത്തോലിക്ക സഭ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി കെ. കുഞ്ഞാലിക്കുട്ടിയുമാണ് വാരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിലെത്തി ക്രൈസ്തവ നേതൃത്വത്തെ കണ്ടത്.
സൗഹൃദാന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്ബം പ്രശ്നം വളരെ വേഗം പരിഹരിക്കാൻ കഴിയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തില്‍ യോഗം വിളിക്കണമെന്ന് പറയാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് മുൻ കൈ എടുക്കാൻ സാദിഖലി തങ്ങളോട് ഫാറൂഖ് കോളജ് കമ്മിറ്റി അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലത്തീൻ സഭയിലെ മെത്രാന്മാരും മുനമ്ബം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.



