Saturday, December 27, 2025
No menu items!
Homeവാർത്തകൾമീഡിയേഷൻ സെന്ററുകൾ പൂർത്തിയായതോടെ ഉപഭോക്തൃതർക്ക പരിഹാരകേസുകളിൽ പരിഹാരം വേഗത്തിലാകും: മന്ത്രി ജി.ആർ. അനിൽ

മീഡിയേഷൻ സെന്ററുകൾ പൂർത്തിയായതോടെ ഉപഭോക്തൃതർക്ക പരിഹാരകേസുകളിൽ പരിഹാരം വേഗത്തിലാകും: മന്ത്രി ജി.ആർ. അനിൽ

കോട്ടയം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മീഡിയേഷൻ സെന്ററുകൾ പൂർത്തിയായതോടെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകൾക്കു മുന്നിലുള്ള പരാതികളിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനാകുമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ. വടവാതൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകേന്ദ്രത്തിൽ നിർമാണം പൂർത്തിയാക്കിയ മീഡിയേഷൻ സെന്റർ ഉദ്ഘാടനവും ലീഗൽ സർവീസ് അതോറിട്ടിയുമായി സഹകരിച്ചു നടത്തുന്ന ഗ്രാഹക് മധ്യസ്ഥ സമാധാൻ ലോക് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 25829 കേസുകളാണ് സംസ്ഥാന, ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനുകൾക്കു മുന്നിൽ നിലവിലുള്ളത്. കോടതികളുടെ വ്യവഹാരക്രമങ്ങളിൽ പെടാതെ സാധാരണ ജനങ്ങൾക്കു നീതി വേഗത്തിൽ ലഭ്യമാക്കാനാണ് മീഡിയേഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുള്ളത്. ഉപഭോക്തൃ കമ്മിഷനുകൾക്കു മുന്നിലെത്തുന്ന കേസുകളിൽ ഇപ്പോൾ വേഗത്തിൽ പരിഹാരമുണ്ടാകുന്നുണ്ട്. അതിന്റെ പ്രധാനകാരണം മീഡിയേഷൻ സെന്ററുകളാണെന്നും മന്ത്രി പറഞ്ഞു.

ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷന്റെ വിധികൾ പ്രധാന്യത്തോടെ നൽകുന്നതിൽ മുഖ്യധാരാമാധ്യമങ്ങൾ വിമുഖത കാട്ടുകയാണെന്നും കോർപറേറ്റ് പരസ്യതാൽപര്യങ്ങൾ കാരണമാണിതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം കെ.ആർ. രാധാകൃഷ്ണൻ ഉപഭോക്തൃസന്ദേശം നൽകി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജി. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അധ്യക്ഷൻ വി.എസ്് മനുലാൽ, അംഗങ്ങളായ ആർ. ബിന്ദു, കെ.എം. ആന്റോ, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, അഭിഭാഷകരായ ഡൊമിനിക് മുണ്ടമറ്റം, വി.ബി. ബിനു, ജിതേഷ് ജെ. ബാബു, എസ്.എം. സേതുരാജ്, പി.ഐ. മാണി എന്നിവർ പ്രസംഗിച്ചു.

ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ നിലവിലുള്ള കേസുകൾ മധ്യസ്ഥ ചർച്ചകളിലൂടെ മീഡിയേഷൻ സെന്ററുകൾ ആരംഭിച്ചിട്ടുള്ളത്. 31.79 ലക്ഷം രൂപ ചെലവിട്ടു 2467 ചതുരശ്ര അടിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ മീഡിയേഷൻ സെന്റർ പൂർത്തീകരിച്ചിട്ടുള്ളത്. ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ പരിഗണനയിലിരിക്കുന്ന തർക്കങ്ങൾ അതിവേഗം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഉപഭോക്തൃകാര്യ വകുപ്പും കേരള ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായാണു ഗ്രാഹക് മധ്യസ്ഥ സമാധാനും ലോക് അദാലത്തും നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments