ചേർത്തല: ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ മികവിന് ചേർത്തലയിലെ നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിന് അന്തർദേശീയ അംഗീകാരം. ദുബായ് ആസ്ഥാനമായുള്ള അറേബ്യൻ വേൾഡ് റെക്കോർഡ്സ് ഏർപ്പെടുത്തിയിരിക്കുന്ന ക്യാമൽ ഇന്റർനാഷണൽ അവാർഡ് 2026-ലെ മികച്ച ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരത്തിനാണ് നൈപുണ്യ അർഹമായത്.ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ, വിദ്യാർഥികളെ ആഗോള നിലവാരമുള്ള പ്രൊഫഷണലുകളാക്കി വളർത്തുന്നതിലുള്ള സമർപ്പണം, പരിശീലന രംഗത്തെ മികവ്, വ്യവസായ ബന്ധങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു. നൈപുണ്യയുടെ ദീർഘവീക്ഷണവും നൂതന വിദ്യാഭ്യാസ സമീപനങ്ങളും ആതിഥേയത്വ (Hospitality) മേഖലയിലേക്കുള്ള ശ്രദ്ധേയമായ സംഭാവനകളും സ്ഥാപനത്തെ പുരസ്കാരത്തിന് അർഹമാക്കിയതായി കമ്മിറ്റി വിലയിരുത്തി.
പുരസ്കാര സമർപ്പണ ചടങ്ങ് മേയ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് എറണാകുളം കുമ്പളത്തെ ലേക്ക് വ്യൂ റിസോർട്ടിൽനടന്നു. .അന്തർദേശീയ തലത്തിൽ ഇതിനുമുമ്പും നൈപുണ്യ ശ്രദ്ധ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മില്ലറ്റ് പുട്ട്, ഓംലെറ്റ്, സദ്യ, മോജിറ്റോ എന്നിവ തയ്യാറാക്കി സ്ഥാപനം നിരവധി ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. അക്കാദമിക മികവും പ്രായോഗിക പരിശീലനവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നൈപുണ്യ, ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്.ഈ പുതിയ അന്തർദേശീയ അംഗീകാരം സ്ഥാപനത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിനും വിദ്യാർഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾക്കുമുള്ള മറ്റൊരു അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
ഗിന്നെസ്സ് ലോക റെക്കോർഡ് ഉടമയായ അഭിഷ് ഡോമിനിക്കിൽ നിന്നുമാണ് ചേർത്തല നൈപുണ്യ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഏറ്റു വാങ്ങിയത്. കോളേജ് ജോ. ഡയറക്ടർ ഫാ. അൻസിൽ മൈപാൻ, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി ഐവീൻ ഇട്ടി മാത്യു എന്നിവർ പങ്കെടുത്തു.



