മലയിന്‍കീഴ്: വിദ്യാലയം മാത്രമല്ല, വീടുകളും പരിസരവും കൂടി മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മലയിന്‍കീഴ് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളും ഹരിതകര്‍മ്മസേനാംഗങ്ങളും ശേഖരിച്ച വസ്ത്രമാലിന്യം ഗ്രീന്കേരളയ്ക്ക് കൈമാറി. വസ്ത്രമാലിന്യങ്ങള്‍ നിറച്ച ലോറി വിദ്യാലയാങ്കണത്തില്‍ മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി ഫ്ളാഗ് ഓഫ് ചെയ്തു.
മാലിന്യമുക്തകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തില്‍ നടന്ന മാലിന്യശേഖരണത്തിലൂടെ 5700-കിലോഗ്രാം മാലിന്യമാണ് ശേഖരിച്ചത്. മലയിന്‍കീഴ് പഞ്ചായത്തിലെ വീടുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കുട്ടികളും ഹരിതകര്‍മ്മസേനാംഗങ്ങളും ശേഖരിച്ച മാലിന്യമാണ് ഗ്രീന്‍ കേരളയ്ക്ക് കൈമാറിയിരിക്കുന്നത്. അടുത്ത ആഴ്ച കുപ്പിച്ചില്ല് മാലിന്യത്തിന്റെ ശേഖരണക്യാമ്പയിന് വിദ്യാലയത്തില്‍ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്ബാബു പറഞ്ഞു. ചടങ്ങില്‍ സ്ക്കൂള് പ്രഥമാധ്യാപിക ലീന, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന് ശിവഗംഗ, മറ്റ് അധ്യാപകര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.