Tuesday, December 23, 2025
No menu items!
Homeവാർത്തകൾമാതൃകയായി രാജ്ഭവനിലെ കൃഷിത്തോട്ടം; വിളവെടുപ്പിന് ഗവര്‍ണര്‍ നേരിട്ടെത്തി നേതൃത്വം നല്‍കി.

മാതൃകയായി രാജ്ഭവനിലെ കൃഷിത്തോട്ടം; വിളവെടുപ്പിന് ഗവര്‍ണര്‍ നേരിട്ടെത്തി നേതൃത്വം നല്‍കി.

തിരുവനന്തപുരം: രാജ്ഭവനിലെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പിന് നേരിട്ടെത്തി നേതൃത്വം നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. അമ്പതേക്കര്‍ വരുന്ന ഭൂമിയില്‍ വ്യാപകമായി കൃഷിയിറക്കിയതിന്റെ ഫലം കൊയ്യാന്‍ എത്തിയ ഗവര്‍ണര്‍ക്ക് മികച്ച വിളവ് കണ്ടപ്പോള്‍ അതിയായ സന്തോഷം. ചീര പിഴുതെടുത്ത ആര്‍ലേക്കര്‍ ഇനം ഏതാണെന്നും ചോദിച്ചു. ചുവന്ന ചീരയും പച്ച ചീരയും തമ്മിലുള്ള ഗുണവ്യത്യാസവും ആരാഞ്ഞു. മത്തന്‍’ ഏതൊക്കെ കറികളില്‍ ഉപയോഗിക്കാമെന്നും ചോദിച്ചറിഞ്ഞു. ബ്രൗണ്‍ നിറത്തിലുള്ള പയര്‍ നുള്ളിയെടുത്തപ്പോള്‍ ‘ഇത് ഇന്നുച്ചയ്ക്ക് കഴിച്ച ഇനമല്ലേ?’ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

പടവലം, ചീര, മുരിങ്ങ, നെയ്യ്ക്കുമ്പളം, മത്തന്‍, വെള്ളരി, നിത്യ വഴുതന, കാബേജ്, കത്രിക്ക, നീളപ്പയര്‍, കപ്പ, പച്ചമുളക്, മധുരക്കിഴങ്ങ്… എല്ലാം വിളവുപ്രായമായി നില്‍ക്കുമ്പോള്‍ രാജ്ഭവനെ കാര്‍ഷികോദ്യാനമാക്കാനുള്ള തന്റെ തീരുമാനം യാഥാര്‍ത്ഥ്യമായതിന്റെ അഭിമാനത്തിലാണ് ഗവര്‍ണര്‍. കൃഷിത്തോട്ടം നടന്ന് കണ്ട ഗവര്‍ണര്‍ വളപ്പില്‍നിന്ന് പറിച്ചെടുത്ത ഗൗളീഗാത്രത്തിന്റെ വെള്ളം കുടിക്കുകയും പടത്തിപ്പഴം തിന്നുകയും ചെയ്തു. ഓണത്തിനുമുമ്പ് വിളവെടുത്ത് രാജ്ഭവനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പച്ചക്കറി കിറ്റ് നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആഗ്രഹം. മഴ ചതിച്ചതിനാല്‍ പൂര്‍ണ്ണമായി സാധ്യമായില്ല. ചീര, പയര്‍, വെണ്ട തുടങ്ങിയ ഇനങ്ങള്‍ മാത്രമേ ഓണക്കിറ്റില്‍ നല്‍കാനായുള്ളു.

കൃഷിത്തോട്ടത്തില്‍ ഏറ്റവും കൂടുതല്‍ പയറാണ്. മൂന്ന് ഇനങ്ങളിലായി 400 മൂട് പയറുണ്ട്. രസകഥളി വാഴ 300 ഉം കപ്പ 250 മൂടും നട്ടിട്ടുണ്ട്. വെണ്ട, മുളക്, നിത്യ വഴുതന, പച്ചമുളക് തുടങ്ങിയവ 10 സെന്റ് വീതം സ്ഥലങ്ങളില്‍ നട്ടിരിക്കുന്നു. ബീഹാറില്‍ ഗവര്‍ണറായിരിക്കേയുള്ള പരീക്ഷണ വിജയത്തിന്റെ പ്രചോദനത്തിലാണ് കേരളത്തിലെ കാര്‍ഷികയജ്ഞത്തിന് ആര്‍ലേക്കര്‍ മുന്‍കൈ എടുത്തത്. ജീവനക്കാരുടെ അധ്വാനവും സേവനവും കാര്യക്ഷമമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും പിന്നിലുണ്ട്. മേല്‍നോട്ടത്തിനായി കൃഷിവകുപ്പില്‍നിന്നുള്ള സൂപ്പര്‍വൈസറെ നിയോഗിച്ചിട്ടുണ്ട്. കൃത്യമായ പരിപാലനം മികച്ച വിളവ് നല്‍കാന്‍ കാരണമായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments