Friday, August 8, 2025
No menu items!
Homeവാർത്തകൾമഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിച്ചെന്നുള്‍പ്പെടെയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ കണ്ടെത്തല്‍ ഉള്‍പ്പെടെ പങ്കുവച്ച് എക്‌സിലാണ് കമ്മീഷന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കണം. അസംബന്ധ നിഗമനങ്ങളില്‍ എത്തിച്ചേരരുത് എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു വിലാസത്തില്‍ മാത്രം 10,452 വോട്ടര്‍മാര്‍, 33,000 പേര്‍ ഒരു മണ്ഡലത്തില്‍ ഇരട്ട വോട്ട് ചെയ്തു, ഹൗസ് നമ്പര്‍ ‘0’; വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

അതേസമയം, കര്‍ണാടകയില്‍ വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് കര്‍ണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചു. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവ രാഹുല്‍ ഗാന്ധി ഒപ്പുവച്ച സത്യവാങ്മൂലത്തിന് ഒപ്പം സമര്‍പ്പിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഈ നടപടിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചു, കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നു എന്നുള്‍പ്പെടെ ആയിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തട്ടിപ്പ് കണ്ടെത്തിയതെന്നും ഇതിനായി ആറു മാസമെടുത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നതായും ഇവിടെ ബിജെപി വിജയിച്ചത് 33000 വോട്ടിനാണെന്നും രാഹുല്‍ പറഞ്ഞു.

ചില തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ അസാധാരണ പോളിങ്ങായിരുന്നു. അഞ്ച് മാസത്തിനിടെ വന്‍ തോതില്‍ വോട്ടര്‍മാരെ ചേര്‍ത്തു. ഒരു കോടി വോട്ടര്‍മാരെയാണ് പുതുതായി ചേര്‍ത്തത്. 5 മണി കഴിഞ്ഞപ്പോള്‍ പോളിങ് പലയിടത്തും കുതിച്ചുയര്‍ന്നു. മഹാരാഷ്ട്രയില്‍ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മിഷന്‍ വോട്ടര്‍ പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നശിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പലതും ഒളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments