ചെങ്ങമനാട്: തിരുവൈരാണിക്കുളം മറ്റപ്പിള്ളി വീട്ടിൽ ഗീതക്ക് മഹാദേവ ക്ഷേത്ര ട്രസ്റ്റ് നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് പി യു രാധാകൃഷ്ണനും, സെക്രട്ടറി എ.എൻ. മോഹനനും ചേർന്ന് ഗീതക്ക് കൈമാറി. വർഷങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു നിർധനയും വിധവയുമായ ഗീതയുടെ കുടുംബത്തിൻ്റെ താമസം. വീട് മെയിൻ്റനൻസ് ചെയ്ത് തരണമെന്ന് ക്ഷേത്ര ട്രസ്റ്റിന് നൽകിയ അപേക്ഷ കണക്കിലെടുത്ത് പുതിയ വീട് നിർമ്മിച്ചു നൽകുവാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.
490 സ്ക്വയർ ഫീറ്റുള്ള വീടാണ് ഏഴര ലക്ഷം രൂപ ചിലവഴിച്ച് പണി കഴിച്ചത്. ഗീതയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡൻ്റ് വി. എ. ഷംസുദ്ദീൻ , പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: ടി.എ. ഷബീറലി, ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ഷിജിത സന്തോഷ് , ക്ഷേത്ര ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി അശോക് കൊട്ടാരപ്പിള്ളി , വൈസ് പ്രസിഡൻ്റ് പി.കെ. നന്ദകുമാർ, മാനേജർ എം കെ കലാധരൻ, നിർമ്മാണ കമ്മിറ്റി കൺവീനർ കെ.ജി. ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.