ഉള്ളിയേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ ഗർഭസ്ഥ ശിശുവും, പിന്നാലെ അമ്മയും മരിച്ചു. ചികിത്സാ പിഴവാണ് മരണത്തിനു കാരണമെന്ന് കുടുംബം. ബാലുശ്ശേരി എകരൂൽ തലയ്ക്കൽ വീട്ടിൽ വിവേകാണ് പരാതി കൊടുത്തത്. വിവേകിന്റെ ഭാര്യ അശ്വതി (35) വെള്ളിയാഴ്ച മരിച്ചു. ശസ്ത്രക്രിയയ്ക്കിടെ വ്യാഴാഴ്ച പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. തുടർന്ന് അശ്വതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി. കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലേക്ക് മാറ്റി. എഗ്മോ ചെയ്യുന്നതിന് മുമ്പ് സി ടി സ്കാൻ ചെയ്യുന്നതിനിടെയാണ് അശ്വതിയുടെ മരണം.
എം. എം. സിയിലെ ചികിത്സാ പിഴവ് കൊണ്ടാണ് അശ്വതിയ്ക്ക് മരണം സംഭവിച്ചതെന്ന പരാതിയിൽ അത്തോളി പോലീസ് കേസെടുത്തു. സിസേറിയൻ നടത്തണമെന്നു കുടുംബം ആവശ്യപ്പെട്ടപ്പോൾ സുഖപ്രസവമാണ് നല്ലതെന്നു പറഞ്ഞു ആശുപത്രി വൈകിപ്പിച്ചതാണെന്ന് പരാതിയിൽ പറയുന്നു. സെപ്റ്റംബർ 7 നാണ് പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. 12 ന് രാവിലെ കുഞ്ഞ് മരിച്ചു. തുടർന്ന് ഗർഭപാത്രം റിമൂവ് ചെയ്യുന്നതിന്നതിനു മുമ്പ് 13 ന് തുടർ ചികിത്സയ്ക്കായി മാറ്റിയ മെയ്ത്ര ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അശ്വതി മരിച്ചു.
BNSS 194 വകുപ്പ് പ്രകാരമാണ് അത്തോളി പോലിസ് കേസെടുത്തത്. എം എം സി ഹോസ്പിറ്റലിന്റെ ചികിത്സാ പിഴവിലല്ല അശ്വതി മരിച്ചത്, ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്ന് എം എം സി മാനേജർ സുനീഷ് പറഞ്ഞു.