തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ താത്ക്കാലികബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറത്ത് 120 അധിക ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളും അനുവദിക്കും. പുതിയ താത്ക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് സർക്കാർ വിദ്യാലയങ്ങൾ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ ഹ്യുമാനിറ്റിസിലും കോമേഴ്സിലുമാണ് പുതിയ ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഹ്യുമാനിറ്റിസ് ബാച്ചിൽ 59-ഉം കോമേഴ്സിൽ 61-ഉംബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു സയൻസ് ബാച്ചും നാല് ഹ്യുമാനിറ്റിസ്ബാച്ചും 13 കൊമേഴ്സ് ബാച്ചുകളുമാണ് കാസർകോട് ജില്ലയിൽ അനുവദിച്ചിരിക്കുന്നത്. ഇരു ജില്ലകളിലുമായി 138 താത്ക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിനായി 14.90 കോടി രൂപയുടെ സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.



