തൃശ്ശൂർ: ഷിരൂരിൽ മരിച്ച അർജുനെ തൻ്റെ മുഖത്ത് ചായങ്ങൾക്കൊണ്ട് സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ് കേച്ചേരി ആളൂർ സ്വദേശിയായ നിവ്യ വിനീഷ്. സാമൂഹികമാധ്യമങ്ങളിലെ അഭ്യർഥന പ്രകാരമാണ് നിവ്യ അർജുനെ വരച്ചത്. മൂക്ക്, താടി, കവിൾ എന്നിവയിലെല്ലാം മാറ്റം വരുത്താൻ മൂന്ന് മണിക്കൂറോളമെടുത്തു വീഡിയോ കണ്ട് അർജുൻ്റെ കുടുംബം നിവ്യയെ വിളിച്ച് സന്തോഷം അറിയിച്ചു.
ഒരാൾക്ക് ഇങ്ങനെയും മാറാൻ കഴിയുമോയെന്ന് അദ്ഭുതപ്പെടുത്തുന്ന വിധത്തിലാണ് നിവ്യയുടെ ഓരോ മേക്കപ്പും നയൻതാര, ഇന്ദിരാഗാന്ധി, മമ്മൂട്ടി, ഷാരൂഖ് ഖാൻ, കെ.എസ് ചിത്ര, സാമന്ത രൂത്പ്രഭു, ഐശ്വര്യ റായ് തുടങ്ങിയവരെല്ലാം നിവ്യയുടെ മുഖത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ആരുടെ രൂപമാണോ വരുത്തേണ്ടത് അതിനായി മേക്കപ്പുകൾ ഉപയോഗിച്ച് കണ്ണും മൂക്കും കവിളുകളുമെല്ലാം മാറ്റും. കണ്ണുകൾ വരയ്ക്കലാണ് ഏറ്റവും വെല്ലുവിളി, കണ്ണ് ശരിയായാൽ പകുതി പണി കഴിഞ്ഞെന്നാണ് നിവ്യയുടെ പക്ഷം. ആദ്യമായി ചെയ്തത് നയൻതാരയുടെ മുഖമാണ്. എന്നാൽ കൂടുതൽ ആളുകൾ കണ്ടത് ഗായിക റിമി ടോമിയുടെ മുഖത്തിൻറെ വീഡിയോ ആണ്. സ്ത്രീകളുടെ മുഖം വരയ്ക്കാനാണ് കൂടുതൽ സമയം വേണ്ടതെന്ന് നിവ്യ പറയുന്നു.
2021-ൽ പ്രശസ്തത മേക്കപ്പ്മാൻ കണ്ണൻ രാജമാണിക്യത്തിൻ്റെ വീഡിയോ കണ്ടാണ് ഈ ആശയത്തിലേക്കെത്തിയത്. ഇതുവരെ 200 മുഖങ്ങൾ നിവ ചെയ്തിട്ടുണ്ട്. ഭർത്താവ് വിനീഷ് മാധവൻ, മക്കളായ അൻവിദ, തൻവി എന്നിവരോടൊപ്പം യു.കെ.യിലാണ് താമസം.



