Sunday, December 21, 2025
No menu items!
Homeവാർത്തകൾമരങ്ങാട്ടുപിള്ളി കാർഷികോത്സവ് ഒരുക്കങ്ങൾ പൂർത്തിയായി

മരങ്ങാട്ടുപിള്ളി കാർഷികോത്സവ് ഒരുക്കങ്ങൾ പൂർത്തിയായി

മരങ്ങാട്ടുപിള്ളി: നവംബർ 6,7,8,9 തീയതികളിൽ മരങ്ങാട്ടുപിള്ളി കാർഷികോത്സവ് പ്രൗഢഗംഭീരമായ പരിപാടികളോടെ ആഘോഷിക്കുവാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടക സമിതി.

കർഷകർക്ക് ഒത്തൊരുമിക്കാൻ 4 ദിനങ്ങളിലായാണ് കാർഷികോത്സവം. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് , കാർഷിക വികസന സമിതി, മരങ്ങാട്ടുപള്ളി സർവീസ് സഹകരണ ബാങ്ക്, കാർഷിക കൂട്ടായ്മകൾ, കുടുംബശ്രീ, ക്ഷീരവികസന വകുപ്പ്, വായനശാലകൾ, ആർ പി എസ് എന്നിവയുടെ സഹകരണത്തോടെയാണ് കാർഷികോത്സവ് നടക്കുന്നത് ഈ കാർഷികോത്സവം നാടിൻറെ ഉത്സവമായി മാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൽജി ഇമ്മാനുവൽ അറിയിച്ചു.
കാർഷികോത്സവത്തിന്റെ മുഖ്യവേദി മരങ്ങാട്ടുപിള്ളി സെൻറ് ഫ്രാൻസിസ് അസീസി പാരീഷ് ഹാളിലാണ്.

നവംബർ 6 ,7 തീയതികളിൽ വിവിധ കലാപരിപാടികൾ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കും. കർഷകർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങളും ആകർഷകമായ പരിപാടികളും കാർഷികോത്സവത്തിന്റെ ഭാഗമായി നടക്കും. കർഷകർക്കുള്ള അവാർഡ് ദാനം, കർഷകരുടെ സംഗമം, കോട്ടയം ജില്ലാതല കാർഷിക ക്വിസ് ,കർഷക സെമിനാർ ,വിള മത്സരവും പ്രദർശനവും, വൈവിധ്യമാർന്ന പ്രദർശന വിപണമേള, വിദ്യാർത്ഥികൾക്കും കർഷകർക്കും ഉള്ള ക്വിസ് മത്സരം, വിവിധ കലാകായിക മത്സരങ്ങൾ തുടങ്ങിയവയും കാർഷികോത്സവത്തിൽ ഉണ്ടാകും.

ചേറ്റിലോട്ടമത്സരം, ഞാറുനടീൽ മത്സരം എന്നിവ ഈ വർഷത്തെ കാർഷികോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്. നവംബർ എട്ടാം തീയതി നാടുകുന്നിൽ നിന്നും ആരംഭിക്കുന്ന വിളംബര റാലിയിൽ ബഹുജന രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. വിളംബര ജാഥ പാരിഷ് ഹാളിൽ എത്തിയ ശേഷം പതാക ഉയർത്തൽ പഞ്ചായത്ത് പ്രസിഡണ്ട് ബൽജി ഇമ്മാനുവൽ നിർവഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ജോസ്. കെ. മാണി എം പി കാർഷികോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തും . ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്ത്യൻ ഉദ്ഘാടനം ചെയ്യും.

കാർഷിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും നവംബർ എട്ടാം തീയതി പതാക ഉയർത്തലിനു ശേഷം വിള പ്രദർശനം ,വിവിധ സ്റ്റാളുകളുടെ എക്സിബിഷൻ കൗണ്ടറുകൾ, പ്രദർശന വിപണനമേള എന്നിവയും നടക്കും. തുടർന്ന് നടക്കുന്ന കാർഷിക സെമിനാറിൽ സംസ്ഥാനത്തെ മികച്ച കർഷക വിദഗ്ധനായ പ്രമോദ് മാധവൻ ക്ലാസ് നയിക്കും തുടർന്ന് സംവാദം, സൗജന്യ പച്ചക്കറി തൈ വിതരണം, മുതിർന്ന കർഷകരുടെ സംഗമം ,നടത്ത മത്സരം, അനുഭവങ്ങൾ പങ്കുവെക്കൽ, ഞാറുനടീൽ മത്സരം വിവിധ വിഭാഗങ്ങളിലായി ചേറ്റിൽ ഓട്ട മത്സരം, സൗഹൃദ വടംവലി മത്സരം ,തുടർന്ന് കലാസന്ധ്യ ചലച്ചിത്ര- സീരിയൽ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ഒമ്പതാം തീയതി രാവിലെ എട്ടു മുതൽ കിടാരി മത്സരം പോത്ത് / എരുമ മത്സരം, നാടൻ പശു മത്സരം, എന്നിവ നടക്കും തുടർന്ന് മൃഗസംരക്ഷണ മേഖലയിൽ വരുമാന വർദ്ധനവ് എന്ന വിഷയത്തിൽ ഡോക്ടർ ഷാജു ക്ലാസ് നയിക്കും. ജില്ലാതല കാർഷിക ക്വിസ്, കായിക മത്സരങ്ങൾ, കർഷകസദ്യ, സ്കൂൾ കുട്ടികളുടെ ക്വിസ് മത്സരം എന്നിവയും അന്നേദിവസം നടക്കും . തുടർന്ന് എല്ലാ വാർഡിൽ നിന്നും ഘോഷയാത്ര സമ്മേളന നഗരിയിലേക്ക് എത്തും. പ്രമുഖർ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ സമ്മിശ്ര കർഷക അവാർഡ് വിതരണം, സമ്മാനവിതരണം, ആദരിക്കലുകൾ എന്നിവ ഉണ്ടാകും. കൂപ്പൺ നറുക്കെടുപ്പ്, കലാസന്ധ്യ, ആർട്ടിസ്റ്റിക്ക് യോഗ പ്രകടനം ,ഗാനമേള എന്നിവയോട് കൂടി പരിപാടി സമാപിക്കും.

കാർഷികോത്സവത്തിന്റെ സന്ദേശം എല്ലാ വീടുകളിലേക്കും എത്തിക്കുന്നതിനായി പോഷക സമൃദ്ധി മിഷന്റെ ഭാഗമായുള്ള അടുക്കളത്തോട്ട മത്സരത്തിൽ പഞ്ചായത്തിലെ കുടുംബങ്ങൾ പങ്കെടുക്കും വിള മത്സരങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 31 വ്യാഴാഴ്ച നാലുമണിക്ക് മുമ്പ് വാർഡ് മെമ്പർ പക്കലോ കൃഷിഭവനിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ, സഹകരണ ബാങ്ക് പ്രസിഡണ്ട് എം.എം. തോമസ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ ജോസഫ് പുളിക്കിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാ രാജു വാർഡ് മെമ്പർമാർ ജനറൽ കൺവീനറും കൃഷി ഓഫീസറുമായ ഡെന്നിസ് ജോർജ്, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ വിവിധ കമ്മറ്റികളുടെ കൺവീനർമാർ, കുടുംബശ്രീ, കാർഷിക വികസന സമിതി ,വികസന സമിതി ,കർഷക കൂട്ടായ്മയുടെ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments