ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ മദ്യലഹരിയിൽ കാർ ഓടിച്ച് കുഞ്ഞുമോളെ കൊലപ്പെടുത്തിയ പ്രതികളുടെ ജാമ്യാപേക്ഷ മാറ്റി വച്ച് ഹൈക്കോടതി. ഈ കഴിഞ്ഞ തിരുവോണ ദിവസം ആനൂർക്കാവിൽ വച്ച് മദ്യലഹരിയിൽ മനപൂർവ്വം കാർ കയറ്റി കൊലപ്പെടുത്തിയ പ്രതികളായ അജ്മൽ, ഡോക്ടർ ശ്രീ കുട്ടി എന്നിവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേട്ട ഹൈക്കോടതിബഞ്ച് കേസ് മാറ്റി വച്ചു.
ആനൂർക്കാവിൽ വച്ച് കുഞ്ഞു മോളുടെ സ്കൂട്ടറിൽ ഇടിച്ച കാറിൻ്റെ ബോണറ്റിലേക്ക് തെറിച്ചു വീണ കുഞ്ഞുമോളേ രക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇതിനു ശ്രമിക്കാതെ രണ്ടാം പ്രതിയും ഡോക്ടറുമായ ശ്രീ കുട്ടിയുടെ പ്രേരണയിൽ ഒന്നാം പ്രതി മന:പൂർവ്വം വളരെ മൃഗീയവും നിഷ്ഠൂരവുമായി കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു എന്നും കേസിൻ്റെ അന്വേഷണം പ്രഥമിക ഘട്ടത്തിലാണ് ആയതിനാൽ പ്രതികൾ തെളിവ് നശിപ്പിക്കാൻ സാദ്ധ്യത കൂടുതലാണ്. മാത്രമല്ല ഒരു മനുഷ്യ ജീവൻ രക്ഷിക്കേണ്ട ഒരു ഡോക്ടർ ജീവൻ എടുക്കാൻ പ്രേരണ നൽകുകയും ചെയ്തു തുടങ്ങിയ വാദമുഖങ്ങൾ ഉയർത്തി വാദിക്കുവേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടർ , അഡ്വ : അജയകുമാർ, അഡ്വ : കണിച്ചേരിൽ സുരേഷ് എന്നിവർ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ അതിശക്തമായി എതിർത്തു. വാദി ഭാഗത്തിൻ്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഇന്ന് ഹൈക്കോടതി ബഞ്ച് “നിങ്ങൾക്കെന്താ പറയാന്നുള്ളത്, പറയാൻ ഉള്ളത് അത് എഴുതി ഫയൽ ചെയ്യുക “, എന്ന് പറഞ്ഞു കൊണ്ട് ജാമ്യാപേക്ഷ 12/11/24 ലേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്തത്.



