Monday, December 22, 2025
No menu items!
Homeവാർത്തകൾമണിപ്പൂരിൽ കലാപം രൂക്ഷം; 10000 സൈനികരെ കൂടി അയക്കും

മണിപ്പൂരിൽ കലാപം രൂക്ഷം; 10000 സൈനികരെ കൂടി അയക്കും

ഡല്‍ഹി: കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ച് കേന്ദ്ര സർക്കാർ. മണിപ്പൂരിലേക്ക് 10000 സൈനികരെ കൂടി കേന്ദ്രം അയക്കുമെന്ന് സംസ്ഥാനത്തെ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. ഇതോടെ മണിപ്പൂരിലെ കേന്ദ്ര സേനയുടെ മൊത്തം കമ്പനികളുടെ എണ്ണം 288 ആയി ഉയർന്നതായും മണിപ്പൂർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് തലസ്ഥാനമായ ഇംഫാലിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

2023 മേയ് മുതൽ ആരംഭിച്ച മണിപ്പൂർ കലാപത്തിൽ 258 പേർ മരിച്ചതായി അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്ക് 90 കമ്പനി സേനയെ കൂടി ലഭിക്കുന്നു. വലിയ തോതിലുള്ള കേന്ദ്ര സേന ഇതിനകം തന്നെ ഇംഫാലിൽ എത്തിയിട്ടുണ്ട്. സിവിലിയന്മാരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും അക്രമ ബാധി പ്രദേശങ്ങളും പോയിൻ്റുകളും നിരീക്ഷിക്കുന്നതിനും ഞങ്ങൾ സേനയെ ക്യത്യമായ രീതിയില്‍ വിന്യസിക്കും” കുൽദീപ് സിംഗ് പറഞ്ഞു.
“എല്ലാ മേഖലകളിലേക്കും കൂടുതലായുള്ള സൈനിക വിന്യാസം ഞങ്ങള്‍ നടത്തും. എല്ലാ ജില്ലയിലും പുതിയ കോ-ഓർഡിനേഷൻ സെല്ലുകളും ജോയിൻ്റ് കൺട്രോൾ റൂമുകളും സ്ഥാപിച്ച് വരികയാണ്. ഇതിനോടകം ഇത്തരം സെല്ലുകളും കണ്‍ട്രോള്‍ റൂമുകളും പ്രവർത്തിച്ച് വരുന്നുണ്ട്. സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ തുടരും” അദ്ദേഹം പറഞ്ഞു.

2023 മെയ് മാസത്തിൽ മെയ്തേയ് സമുദായവും കുക്കി ഗോത്രവർഗക്കാരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിന് ശേഷം പോലീസിന്റെ ആയുധപ്പുരകളിൽ നിന്ന് വലിയ തോതില്‍ ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഏകദേശം 3000 ആയുധങ്ങൾ സുരക്ഷാ സേന ഇതുവരെ തിരിച്ച് പിടിച്ചിട്ടുണ്ട്. പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി ആർ പി എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്), ആർമി, അസം റൈഫിൾസ്, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ ടി ബി പി), സശാസ്ത്ര സീമ ബാൽ എന്നിവയുൾപ്പെടെ എല്ലാ സേനകളും സംസ്ഥാനത്ത് ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂർ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്. എന്ത് പ്രശ്‌നം വന്നാലും നമ്മള്‍ ഒരുമിച്ച് പ്രവർത്തിക്കുന്നു. മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ ഇതിനകം തന്നെ നടക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ ഒരോ പ്രദേശങ്ങളും ദേശീയ പാതകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ് ഒ പി) സജ്ജീകരിക്കുമെന്നും സിംഗ് പറഞ്ഞു. നവംബർ 7 ന് ജിരിബാമിലെ സൈറൗൺ ഗ്രാമത്തിൽ മൂന്ന് കുട്ടികളുടെ അമ്മയും ഹ്മർ ഗോത്രത്തിലെ അംഗവുമായ ഒരു സ്ത്രീയെ മെയ്തി തീവ്രവാദികൾ കൊലപ്പെടുത്തിയതായുള്ള ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും ആക്രമണം ശക്തമായത്. ഇതിന് പ്രതികാരമായി കുക്കി തീവ്രവാദികൾ നവംബർ 11 ന് ജിരിബാമിലെ ബോറോബെക്രയിൽ ആക്രമണം നടത്തുകയും ആറോളം പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തു. തുടർന്നുണ്ടായ ആക്രമണങ്ങളില്‍ സി ആർ പി എഫുമായുള്ള ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments