പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. പൊലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവര്‍ ശക്തമായ സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്. ശബരിമലയിൽ മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതിയിൽ നടന്നപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കണമെന്നും പിഎസ് പ്രശാന്ത് അഭ്യര്‍ത്ഥിച്ചു. ജനുവരി 15,16,17 തീയതികളിൽ തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ ദര്‍ശിക്കാൻ ഭക്തര്‍ക്ക് അവസരമുണ്ടാകും.ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10 മുതൽ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടാകില്ല. നാളെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5.30വരെ പമ്പയിൽ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.