ന്യൂഡൽഹി: സർക്കാർ വിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സ്പെഷൽ എജുക്കേറ്റർമാരുടെ ആകെ തസ്തികകൾ മൂന്ന് മാസത്തിനകം പ്രസിദ്ധപ്പെടുത്താൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിർദേശിച്ചു. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന സ്പെഷൽ എജുക്കേറ്റർമാരെ സ്ക്രീൻ ചെയ്യുന്നതിനായി സംസ്ഥാനങ്ങൾ പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും സമിതിയിൽ സംസ്ഥാന ഡിസബിലിറ്റി കമീഷണർ, വിദ്യാഭ്യാസ സെക്രട്ടറി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ നോമിനി എന്നിവർ ഉണ്ടാകണമെന്നും നിർദേശത്തിലുണ്ട്. കേരള റിസോഴ്സ് ടീച്ചേർസ് അസോസിയേഷൻ അടക്കമുള്ളവരുടെ ഹരജിയിലാണ് സുപ്രീംകോടതി നടപടി.
കേന്ദ്ര മാനദണ്ഡ പ്രകാരം ഓരോ എലിമെന്ററി വിദ്യാലയത്തിലും 10 ഭിന്നശേഷി വിദ്യാർഥികൾക്ക് ഒരാൾ എന്ന നിലക്കും സെക്കൻഡറി വിദ്യാലയങ്ങളിൽ 15 വിദ്യാർഥികൾക്ക് ഒരാൾ എന്ന നിലക്കും സ്പെഷൽ എജുക്കേറ്റർ തസ്തികകൾ സൃഷ്ടിച്ച് സ്ഥിരനിയമനം നടത്തണം. ഇതുപ്രകാരം നിലവിൽ കരാർ ജീവനക്കാരായി 2782 സ്പെഷൽ എജുക്കേറ്റർമാർ മാത്രമുള്ള കേരളത്തിൽ സ്ഥിര നിയമനത്തിനുള്ള 8249 തസ്തികകൾ സൃഷ്ടിക്കേണ്ടിവരും. കേരളത്തിൽ നിലവിൽ 1.62,000 ഭിന്നശേഷി വിദ്യാർഥികൾ ഉണ്ടെങ്കിലും ആനുപാതികമായ തസ്തികകൾ ഇല്ല. സംസ്ഥാനത്ത് അഞ്ച് മുതൽ 25 വർഷംവരെ സേവനം ചെയ്യുന്നവരെല്ലാം കരാർ ജീവനക്കാരാണ്.നിലവിലുള്ള സ്പെഷൽ എജുക്കേറ്റർമാരുടെ ആർ.സി.ഐ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള യോഗ്യതകൾ പരിശോധിച്ച് സർക്കാർ കണ്ടെത്തുന്ന ഒഴിവിലേക്ക് ഇവരെ സ്ഥിരനിയമനത്തിനായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇങ്ങനെ പരിഗണിക്കുന്നവർക്ക് ആവശ്യമെങ്കിൽ പ്രായപരിധിയിൽ ഇളവ് നൽകണം. മറ്റു അധ്യാപകരുടേതിന് തുല്യമായ സേവന വേതന വ്യവസ്ഥകൾ നൽകണം. സൂപ്രീംകോടതി നിർദേശങ്ങൾ നടപ്പാക്കിയത് പരിഗണിക്കാൻ കേസ് മൂന്നു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.