കൊച്ചി: ഭർതൃവീട്ടിൽ സ്ത്രീകൾക്കെതിരായ ബോഡി ഷെയിമിങ് ഗാർഹിക പീഡനക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് കളിയാക്കുകയും വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തത് സംബന്ധിച്ച് കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കുന്ന ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ ഭർതൃസഹോദര ഭാര്യ നൽകിയ ഹർജി കോടതി തള്ളി.
2019ൽ വിവാഹിതയായി ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് യുവതിക്ക് ശാരീരിക അവഹേളനം നേരിടേണ്ടിവന്നത്. അനുജന് സുന്ദരിയായ മറ്റൊരാളെ കിട്ടുമായിരുന്നുവെന്നായിരുന്നു ആക്ഷേപം. യുവതിയുടെ എം.ബി.ബി.എസ് സർട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും കൈവശപ്പെടുത്തി പരിശോധിക്കുകയും ചെയ്തു. പരിഹാസം കൂടിയതോടെ 2022ൽ യുവതി താമസം മാറി പൊലീസിൽ പരാതി നൽകി. ഭർത്താവും ഭർതൃപിതാവും കേസിൽ ഒന്നും രണ്ടും പ്രതികളും ഹരജിക്കാരി മൂന്നാം പ്രതിയുമാണ്. തനിക്ക് പരാതിക്കാരിയുമായി രക്തബന്ധമില്ലാത്തതിനാൽ, ഗാർഹികപീഡന നിയമത്തിൽ പറയുന്ന ബന്ധു എന്ന നിർവചനത്തിൽ വരില്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. ബോഡി ഷെയിമിങ് സ്ത്രീകളോടുള്ള ക്രൂരതയായി കാണാനാകില്ലെന്നും വാദിച്ചു.
എന്നാൽ, ഗാർഹിക പീഡന നിരോധന നിയമത്തിൽ ഭർതൃവീട്ടിലെ താമസക്കാരെല്ലാം ബന്ധുവിന്റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ബോഡി ഷെയിമിങ്ങും യോഗ്യത സംശയിച്ച് സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതും വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. അതിനാൽ, യുവതിയുടെ പരാതിയിൽ ഗാർഹിക പീഡനക്കേസ് നിലനിൽക്കുമെന്ന് വിലയിരുത്തിയ കോടതി കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ നടപടികൾ തുടരാമെന്നും വ്യക്തമാക്കി.



