കോഴിക്കോട്: ബേപ്പൂർ വെസ്റ്റ് ഹില്ലിൽ പ്രവർത്തിക്കുന്ന ‘രേണുക’ വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ തീപിടിത്തം മണിക്കൂറുകൾ പിന്നിട്ടിട്ടും പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. ഇന്നലെ രാത്രി 10.30 ഓടെയാണ് മില്ലിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള എണ്ണ ടാങ്ക് ഇപ്പോഴും ആളിപ്പടർന്ന് കത്തുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. മില്ലിനുള്ളിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കാത്തതിനെ തുടർന്ന്, ജെസിബി ഉപയോഗിച്ച് കെട്ടിടത്തിന്റെ ചുവരുകൾ പൊളിച്ച് അകത്തുകയറി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ് സംഘം. വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മില്ലിൽ ക്വിന്‍റൽ കണക്കിന് കൊപ്രയും വലിയ അളവിൽ വെളിച്ചെണ്ണയും സൂക്ഷിച്ചിരുന്നതാണ് തീ വേഗത്തിൽ പടരാൻ കാരണമായത്. മീഞ്ചന്ത അടക്കമുള്ള വിവിധ സ്റ്റേഷനുകളിൽ നിന്നായി എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എണ്ണയുടെ സാന്നിധ്യം കാരണം തീ പെട്ടെന്ന് അണയ്ക്കുക പ്രയാസകരമാണെന്നാണ് വിലയിരുത്തൽ. സമീപപ്രദേശങ്ങളിലേക്ക് പുക പടർന്നത് നാട്ടുകാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തത്തിന്‍റെ യഥാർഥ കാരണം ഇതുവരെയും കണ്ടെത്താനായില്ല. വൻതോതിലുള്ള സാമ്പത്തികനഷ്ടമാണ് പ്രാഥമികമായി പ്രതീക്ഷിക്കുന്നത്.

