ഒരു പാക്കറ്റ് ബിരിയാണിയുടെ വില നൂറ് രൂപ എന്നുപറഞ്ഞാൽ നമുക്കത് വലിയ തുകയായിരിക്കില്ല. പക്ഷെ മലപ്പുറം ചൊക്കാടി പഞ്ചായത്തിലെ ഉരുളുമടക്കാരോട് ചോദിച്ചാൽ അവർ പറയും ഒരു അപ്രോച്ച് റോഡിൻറെ മൂല്യമുണ്ട് അതിനെന്ന്.കാരണം അവരിപ്പോൾ ഒരു ബിരിയാണി ചലഞ്ച് നടത്തുകയാണ്. കിട്ടുന്ന പണം ഉപയോഗിച്ച് വേണം നാട്ടിലേക്ക് ഒരു റോഡ് വെട്ടാൻ. നാട്ടിലെ കാരുണ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് ഈ ബിരിയാണി ചലഞ്ചിന് പിന്നിൽ. തൊട്ടടുത്ത പ്രദേശമായ കാളികാവിലേക്ക് ഉരുളുമടക്കാർക്ക് എത്തണമെങ്കിൽ കിലോമീറ്ററുകളോളം കറങ്ങിവേണം പോകാൻ. പുഴകടന്നുള്ള എളുപ്പ വഴിവേഗം എത്താനാണെങ്കിൽ അവിടെയൊരു റോഡില്ല. ആകെയുള്ളത് മൂന്ന് അടി നടപ്പാതമാത്രം. അതും പുഴക്ക് കുറുകെയുള്ള ചെറിയ നടപ്പാലവും കടന്ന് വേണം പോകാൻ. എന്നാൽ 2018 ലെ പ്രളയത്തിൽ ആ പാലം ഒലിച്ചുപോയി, പിന്നീട് സൈന്യം പണിഞ്ഞ താൽക്കാലിക നടപ്പാലവും പെരുമഴയത്ത് പൊളിഞ്ഞു. ഇതോടെ ഉരുളുമടക്കാർ വീണ്ടും ദുരിതത്തിലായി.