കോട്ടയം: ഡ്രൈവിങ് ലൈസന്‍സുകളില്‍ ബ്ലാക്ക് മാര്‍ക്ക് വരാന്‍ പോവുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു വര്‍ഷത്തിനിടെ നിയമം ലംഘിച്ച് വാഹനമോടിക്കുന്നതിന് ആറു തവണ ബ്ലാക്ക് മാര്‍ക്ക് വന്നാല്‍ ലൈസന്‍സ് തനിയെ സസ്‌പെന്‍ഡാകും. രണ്ടു വര്‍ഷത്തിനിടെ പത്തു കുറ്റകൃത്യങ്ങള്‍ പിടിച്ചാല്‍ ലൈസന്‍സ് തനിയെ റദ്ദാകും. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ബസ് ഓടിക്കാന്‍ കഴിയാത്ത സംവിധാനം നടപ്പാക്കും.ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാരില്‍ ക്രിമിനലുകളും ഗുണ്ടകളും ഉണ്ടെന്നും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് രണ്ടുവര്‍ഷം പ്രൊബേഷന്‍ കാലയളവ് നല്‍കും. പ്രൊബേഷന്‍ കാലയളവില്‍ കൂടുതല്‍ തെറ്റുകള്‍ വന്നാല്‍ ലൈസന്‍സ് റദ്ദാവും.കേരളത്തില്‍ ഡ്രൈവിങ്ങില്‍ അച്ചടക്കമില്ല. കേരളത്തില്‍ ലൈസന്‍സ് സംവിധാനം കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും ലൈസന്‍സ് എടുക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മന്ത്രി തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കരന്റെ ശ്രദ്ധയില്‍പ്പെടുത്തി.



