തിരുവനന്തപുരം: പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുതാര്യവുമായ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക പരാതി ഹെൽപ്പ് ലൈൻ ഡെസ്കുകളും ഓൺലൈൻ സേവനങ്ങളും ഉറപ്പാക്കും. പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ ചുമതലകളിൽ വരുത്തുന്ന പരിഷ്കാരം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ 419 പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് തിരികെ നൽകും. 64 സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരും. മുമ്പ് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് എസ്എച്ച്ഒ ചുമതല എസ്ഐമാരിൽ നിന്ന് സിഐമാർക്ക് കൈമാറിയത്. എന്നാൽ ഇത് പൊലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും സേവനങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ചുമതല വീണ്ടും എസ്ഐമാർക്ക് നൽകാൻ തീരുമാനിച്ചത്.

