ചെങ്ങമനാട്: കേരളത്തിൽ വ്യാപകമായി കൃഷി ചെയ്ത് വരുന്ന പഴവർഗ വിളയാണ് പൈനാപ്പിൾ. ശക്തമായ കാറ്റും മഴയും മൂലം പലതോട്ടങ്ങളിലും കൃഷി നാശം ഉണ്ടായിട്ടുണ്ട്. എന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച വിലയുള്ളതിനാൽ നഷ്ടം പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൈനാപ്പിൾ കർഷകർ. ഓണനാളുകളിലെ വില വർദ്ധനയും കർഷകരെ സഹായിക്കും. ഗോവ, ബോംബെ, ഡൽഹി തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് നല്ലൊരു ശതമാനം പൈനാപ്പിൾ കയറ്റി വിടുന്നത്.
കാലാവസ്ഥയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ തുടർന്ന് ഫംഗസ് രോഗ ബാധ കൂടിവരികയാണ്. ഇതുമൂലം നല്ലൊരു ശതമാനം തോട്ടങ്ങളിലും പത്ത് ശതമാനത്തിലേറെ പൈനാപ്പിൾ നശിക്കുന്നതായി പൈനാപ്പിൾ കർഷകനും പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറഞ്ഞു.
നമ്മുടെ നാട്ടിലെ സാധാരണ കാലാവസ്ഥയിൽ വിളവെടുപ്പ് കാലത്ത് ഫംഗസ് ബാധ ഉണ്ടാകാറില്ല എന്നാണ് കർഷകർ പറയുന്നത്. വലിയ നഷ്ടം ഉണ്ടാകുന്ന ഈ രോഗബാധ നിയന്ത്രിക്കാൻ കഴിയാത്തത് മൂലം കർഷകർ ആശങ്കയിൽ ആണ്. കൃഷി വകുപ്പ് അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്ന് ബേബി ജോൺ ആവശ്യപ്പെട്ടു.



