പുൽപ്പള്ളി: പുൽപ്പള്ളി അമരക്കുനിയിലും കടുവയുടെ ആക്രമണം. അമരക്കുനി നാരകത്തറ പാപ്പച്ചന്റെ രണ്ട് വയസ്സ് പ്രായമുള്ള ആടിനെയാണ് കടുവ കൊന്നുതിന്നത്. കൂട്ടിലുണ്ടായിരുന്ന രണ്ട് ആടുകളിലൊന്നിനെയാണ് കടുവ കൊന്നത്. ആർ.ആർ.ടി സംഘമടക്കമുള്ള വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്. ജനവാസ മേഖലയിൽ കടുവ ഇറങ്ങിയത് ആളുകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
അതേസമയം ആടിനെ പിടികൂടിയ വീടിന്റെ പരിസരത്തുനിന്നും 100 മീറ്റർ മാറി ആടിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. പാതി ഭാഗം ഭക്ഷിച്ച നിലയിലാണ്. രാവിലെ മുതൽ വനപാലകർ സ്ഥലത്ത് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. കടുവയെ വനപാലകർ നിരീക്ഷിച്ചുവരികയാണ്. സ്ഥലത്ത് കടുവയെ പിടികൂടാനുള്ള കൂട് വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.