തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി വി.ഡി. സതീശൻ ഇന്ന് പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഒരുമെയ്യായി നിന്ന് കേരളം പിടിച്ച ടീം യു.ഡി.എഫിൽനിന്ന് 20 പേരെ ചേർത്തുവെച്ച ടീം വി.ഡി.എസ് മന്ത്രിസഭയും രാവിലെ 10ന് ഗവണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ മുമ്പാകെ സത്യവാചകം ചൊല്ലും. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ തെരുവിലിറങ്ങിയ ജനസഹസ്രങ്ങളുടെ തുടർച്ചപോലെ തലസ്ഥാനത്തേക്ക് ഞായറാഴ്ച ഉച്ചമുതൽ വൻ ജനപ്രവാഹമാണ്. ജനവികാരത്തിനൊപ്പം നിന്ന കോൺഗ്രസ് നേതൃത്വത്തോടുള്ള നന്ദിയും കടപ്പാടുമെന്നവണ്ണം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം നിറഞ്ഞുകവിയുന്നതോടെ, പതിറ്റാണ്ടിന് ശേഷമുള്ള യു.ഡി.എഫ് മന്ത്രിസഭയുടെ കൊടിയേറ്റം ജനകീയതയുടെ മഹാവിളംബരമാകും. നിലപാടുകളുടെ ദൃഢതയും നാളെയെകുറിച്ച പ്രതീക്ഷാനിർഭരമായ ബോധ്യങ്ങളും രാഷ്ട്രീയ പ്രവചനങ്ങളിലെ കൃത്യതയും കൈമുതലാക്കിയ വി.ഡി. സതീശന് ഇത് ചരിത്രനിയോഗം. കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോയ മന്ത്രിപദത്തിലേക്ക് പോലുമെത്താതെയാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ അധികാര കസേരയിലേക്ക് ഈ നേതാവെത്തുന്നത്. കേരള ജനത ഒരു രാഷ്ട്രീയനേതാവിന് നൽകിയ പ്രതീക്ഷയുടെ താക്കോൽ കൂടിയാണ് സതീശൻ ഏറ്റുവാങ്ങുന്നത്.മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന 20 മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച വൈകിട്ട് സതീശൻ ലോക്ഭവനിലെത്തി ഗവർണർക്ക് കൈമാറി. പട്ടിക നിയുക്ത മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. മുസ്ലിം ലീഗ് മന്ത്രിമാരുടെ പട്ടിക സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രഖ്യാപിച്ചു. അധികാര പ്രവേശനത്തിന് സാക്ഷികളാകാൻ ഇതര സംസ്ഥാന മുഖ്യമന്ത്രിമാർ, ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ തലസ്ഥാനത്തെത്തും. ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിനെത്തും.



