പാലാ: പാലാ രൂപതാ മാതൃവേദിക്ക് സീറോ മലബാര്‍ മാതൃവേദിയുടെ ആദരവ്. 2023 പ്രവര്‍ത്തനവര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളാണ് പാലാ രൂപതാ മാതൃവേദിയെ എക്‌സലെന്റ് അവാര്‍ഡിന് അര്‍ഹയാക്കിയത്. 171 ഇടവകകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന മാതൃവേദി കഴിഞ്ഞ വര്‍ഷം രൂപതാതലത്തില്‍ നടപ്പിലാക്കിയ അല്‍ഫോന്‍സാ തീര്‍ത്ഥാടനം, ബൈബിള്‍ രചന, കുഞ്ഞച്ചന്‍ തീര്‍ത്ഥാടനം, കുടുംബസംഗമം, ബൈബിള്‍ പഠനകളരി, വിവിധ കലാമത്സരങ്ങള്‍ എന്നിവ പ്രവര്‍ത്തനമികവായി വിലയിരുത്തപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങ് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീനാ ടോമി അധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പുളിക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാര്‍ റാഫേല്‍ തട്ടിലില്‍നിന്ന് പാലാ രൂപതാ മാതൃവേദി ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കിലും രൂപതാ ഭാരവാഹികളായ സിജി ലൂക്ക്‌സണ്‍ (പ്രസിഡന്റ്), സുജ ജോസഫ് (വൈസ് പ്രസിഡന്റ്), ഷേര്‍ളി ചെറിയാന്‍ (സെക്രട്ടറി), ബിന്ദു ഷാജി (ജോയിന്റ് സെക്രട്ടറി), ഡയാന രാജു (ട്രഷറര്‍), മേരിക്കുട്ടി അഗസ്റ്റിന്‍ (സെന്റ് അംഗം), ബിനി എബ്രാഹം (സെനറ്റ് അംഗം), സബീന സഖറിയാസ്, മോളിക്കുട്ടി ജേക്കബ് (എക്‌സിക്യുട്ടീവ് മെമ്പര്‍) എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.