പാലാ: പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആഭിമുഖ്യത്തിൽ പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഡിസംബർ 1 മുതൽ 9 വരെ തീയതികളിൽ ആഘോഷമായി നടത്തപ്പെടുന്നു. ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ, ബൈബിൾ പ്രഭാഷണങ്ങൾ. തിരുനാൾ പ്രദക്ഷിണങ്ങൾ, മരിയൻ റാലി, ജൂബിലി സാംസ്കാരിക ഘോഷയാത്ര, ടൂവീലർ ഫാൻസിഡ്രസ്സ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, ദീപാലങ്കാരങ്ങൾ, നാടകമേള, നയനമനോഹരമായ വീഥി അലങ്കാരങ്ങൾ, ശ്രുതിമധുരമായ വാദ്യമേളങ്ങൾ എന്നിവ പെരുന്നാളിന് മോടി കൂട്ടും. ഡിസംബർ 7,8 തിയതിയിലാണ് പ്രധാന തിരുനാൾ നടക്കുന്നത്.
ഒന്നാം തീയതി വൈകിട്ട് 6.15 നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം ളാലം പള്ളിയിൽ നിന്നും വാദ്യമേളങ്ങളോടെ തിരുനാൾ പതാക പ്രദക്ഷിണമായി കുരിശുപള്ളിയിൽ എത്തിച്ച് കൊടിയേറ്റ് കർമ്മം നടത്തും. തുടർന്ന് ലദീഞ്ഞ്. അതിന് ശേഷം 7 മണിക്ക് ടൗൺ ഹാളിൽ വച്ച് സി.വൈ.എം.എൽ നാടക മേളയുടെ ഉദ്ഘാടനവും തുടർന്ന് നാടകവും ഉണ്ടാകും. ഏഴാം തീയതി വരെ എല്ലാ ദിവസവും രാവിലെ 5.30 ന് വിശുദ്ധ കുർബാനയും ലദീഞ്ഞും വൈകിട്ട് 5.30 ന് ജപമാലയും വിശുദ്ധ കുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും.