പാലക്കാട്: സ്കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
സംഭവത്തിൽ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെയാണ് സംഭവത്തിൽ റിമാൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്.



