ന്യൂയോർക്ക്:ഇസ്രയൽ – ഇറാൻ സംഘർഷത്തിലെ നിലപാടിൽ ട്രംപിനെ എതിർത്ത് പിന്തുണയ്ക്കുന്നവരിൽ ഏറിയ പങ്കും. എക്കണോമിസ്റ്റ് യുഗവ് നടത്തിയ അഭിപ്രായ സർവ്വേയിലാണ് ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ അമേരിക്ക പങ്കാളിയാവേണ്ടെന്ന ഫലം വന്നത്. ബുധനാഴ്ചയാണ് സർവേ ഫലംപുറത്ത് വന്നത്. 2024ലെ തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്തവരിൽ 53 ശതമാനം പേരാണ് പശ്ചിമേഷ്യൻ സംഘർഷത്തിൽ ട്രംപിന്റെ നിലപാടിനെ ശക്തമായി എതിർത്തത്. ഇറാൻ ആണവ വിപുലീകരണം നടത്തുന്നതിന് തടയിടാൻ നയതന്ത്ര ശ്രമങ്ങളോ സാമ്പത്തിക ഉപരോധങ്ങൾ ശക്തമാക്കലോ ആണ് വേണ്ടതെന്നാണ് സർവ്വേയിലുയർന്ന അഭിപ്രായമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്.
സർവേയിൽ യുഎസ് കോൺഗ്രസ് അനുമതിയില്ലാതെ പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കൻ സൈന്യം ഇടപെടുന്നതിനുള്ള സാധ്യതയെ ട്രംപ് പ്രത്യക്ഷവൽക്കരിക്കുന്നതിനെതിരെ ട്രംപ് അനുകൂലികൾ വരെ എതിർക്കുന്നുണ്ട്. റിപ്പബ്ലിക്കൻ നേതാക്കളും സമാന നിലപാടാണ് പ്രകടിപ്പിച്ചത്. ഇത് നമ്മുടെ യുദ്ധമല്ലെന്നും അവിടെ നമ്മളുണ്ടെങ്കിൽ ഭരണ ഘടനയ്ക്ക് അനുസരിച്ച് കോൺഗ്രസാണ് തീരമാനിക്കേണ്ടതെന്നാണ് കെന്റക്കിയിലെ റിപബ്ലിക്കൻ പ്രതിനിധിയായ തോമസ് മാസി സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ വിശദമാക്കിയത്. തിങ്കളാഴ്ചയാണ് തോമസ് മാസി അഭിപ്രായ പ്രകടനം നടത്തിയത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാവുന്നതിൽ അമേരിക്കയുടെ പങ്ക് പേരിന് മാത്രമാകാനാണ് ആഗ്രഹമെന്നാണ് ടെന്നിസിയിലെ റിപബ്ലിക്കൻ പ്രതിനിധി ടിം ബർചെറ്റ് ബുധനാഴ്ച മാധ്യമങ്ങളോട് വിശദമാക്കിയത്. പശ്ചിമേഷ്യയിൽ വീണ്ടും അവസാനമില്ലാത്ത ഒരു യുദ്ധം കൂടി ആരംഭിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ടിം ബർചെറ്റ് വിശദമാക്കിയിരുന്നു. സർവേ പ്രകാരം വെറും 19ശതമാനം പേർ മാത്രമാണ് അമേരിക്കൻ സൈനിക ഇടപെടലിന് പിന്തുണ നൽകിയത്. 63ശതാമാനം പേർ ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച നയതന്ത്ര സംഭാഷണങ്ങൾ നടക്കണമെന്നാണ് വിശദമാക്കിയത്.