പലസ്തീനികളെ നാടുകടത്തി ഗാസയെ ഏറ്റെടുക്കുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസ മുനമ്പിനെ ‘മിഡില്‍ ഈസ്റ്റിന്റെ റിവിയേര’ ആക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സന്ദർശിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ചർച്ചകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.
ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നത്തിൽ യുഎസ് പതിറ്റാണ്ടുകളായി തുടരുന്ന നയത്തിലെ അട്ടിമറി കൂടിയാണ് ട്രംപിൻ്റെ വാക്കുകളിലുള്ളത്. പ്രദേശത്തെ ലോകജനതയുടെ ഭാഗമാക്കുമെന്നാണ് ട്രംപിൻ്റെ വാഗ്ദാനം. ജനങ്ങള്‍ക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും പാർപ്പിടവും നല്‍കുന്നതിനായി ഗാസയിലെ വികസനത്തിന് തന്റെ ഭരണകൂടം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസ ഭരിക്കുന്ന പലസ്തീന്‍ സായുധ ഗ്രൂപ്പ് ഹമാസ് ഇതിനോട് രൂക്ഷമായി പ്രതികരിച്ചു. മേഖലയില്‍ കുഴപ്പങ്ങളും പിരിമുറുക്കവും സൃഷ്ടിക്കുന്നതിനുള്ള ഒരു പാചകക്കുറിപ്പ് എന്ന നിലയില്‍ ഈ നിര്‍ദേശമെന്നും ഇതിൽ അപലപിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. ഗാസ മുനമ്പിലെ ആളുകള്‍ ഈ പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. ഞങ്ങളുടെ ജനങ്ങള്‍ക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ അവരുടെ ഭൂമിയില്‍ നിന്ന് അവരെ പുറത്താക്കുകയല്ല. ഗാസയിലെ ജനങ്ങള്‍ 15 മാസത്തിലേറെയായി ബോംബാക്രമണത്തിലൂടെയുള്ള കുടിയിറക്കല്‍, നാടുകടത്തല്‍ പദ്ധതികള്‍ പരാജയപ്പെടുത്തിയതാണെന്നും ഹമാസ് പറഞ്ഞു.



