പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രമേ കേരളത്തില്‍ കടല്‍ മണൽ ഖനനം നടത്തൂവെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് കേന്ദ്ര കല്‍ക്കരി ഖനന വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഢി ഇക്കാര്യമറിയിച്ചത്. കടല്‍ മണല്‍ ഖനനം നടത്താനുളള കേന്ദ്രനീക്കത്തില്‍ കേരളത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്ക ഡോ. ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ ഉന്നയിച്ചു. രാജ്യത്തെ ഏറ്റവും ഉത്പാദനക്ഷമമായ മത്സ്യബന്ധന മേഖല ഉള്‍പ്പെടുന്ന കേരളത്തിന്റെ തീരദേശം വലിയ ആശങ്കയിലാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. പദ്ധതി ഉപേക്ഷിക്കണമെന്നും മണല്‍ ഖനനത്തിന് സ്വകാര്യകരാറുകള്‍ നല്‍കാനുളള കേന്ദ്രനീക്കം വേണ്ടത്ര പരിസ്ഥിതി- സാമൂഹിക പഠനം പോലും നടത്താതെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പരിസ്ഥിതി ആഘാത പഠനത്തിനു ശേഷം മാത്രമേ കേരളത്തില്‍ കടല്‍ ഖനനം നടത്താനാകൂവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അഡ്വ. ഹാരിസ് ബീരാന്‍ എം പിയുടെ ചോദ്യത്തിനാണ് കേന്ദ്ര കല്‍ക്കരി, ഖനന വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഢിയുടെ മറുപടി. ജൈവവൈവിധ്യവും മത്സ്യത്തൊഴിലാളികളുടെ താത്പര്യവും സംരക്ഷിച്ചാകും ഖനനം നടത്തുക. സമുദ്ര പര്യവേക്ഷണത്തിനുള്ള ലൈസന്‍സും ഉത്പാദന ലീസും അനുവദിക്കുന്നതിനായി 13 ഓഫ്‌ഷോര്‍ ബ്ലോക്കുകളുടെ ലേലത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ വിജ്ഞാപനം ചെയ്ത മൂന്ന് ബ്ലോക്കുകള്‍ കേരളത്തിന്റെ ജലാതിര്‍ത്തിക്കപ്പുറത്തുള്ളതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഏത് ഇന്ത്യന്‍ കമ്പനികള്‍ക്കും ഈ ലേലത്തില്‍ പങ്കെടുക്കാമെങ്കിലും വിവിധ മന്ത്രാലയങ്ങളുടെ അനുമതി തേടണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.