മലയിന്‍കീഴ്: ചെറിയൊരു മഴ പെയ്താല്‍ മതി മലയിന്‍കീഴ് കാട്ടാക്കട റോഡ് ചെളിക്കളമാകാന്‍. ജലജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ എടുത്തിരിക്കുന്ന കുഴികളാണ് ചെളിയ്ക്കു കാരണം. ചെളിയും വെള്ളക്കെട്ടും നിറഞ്ഞതോടെ കാല്‍നടപോലും അസാധ്യമായ സ്ഥിതിയിലാണ്. ഇരുചക്രവാഹനങ്ങള്‍ ചെളിയില്‍ തെന്നിവീണ് അപകടങ്ങളുണ്ടാകുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.
റോഡിന് ഇരുവശത്തുമുള്ള വ്യാപാരസ്ഥാപനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മഴപെയ്താല്‍ ചെളിയഭിഷേകത്തിലും വെയിലായാല്‍ പൊടി തിന്നാനുമാണ് വിധിയെന്ന് വ്യാപാരികള്‍ പറയുന്നു.
ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരമുള്ള നിര്‍മാണജോലികള്‍ ഇഴയുന്നതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണം. മലയോരഗ്രാമങ്ങളേയും നഗരപ്രദേശത്തേയും ബന്ധിപ്പിക്കുന്ന കാട്ടാക്കട മലയിന്‍കീഴ് തിരുവനന്തപുരം റോഡിനാണ് ഈ ഗതികേട്.
രണ്ട് വര്‍ഷം മുന്‍പാണ് സംസ്ഥാന ബജറ്റില്‍ നാല് കോടി രൂപ ആധുനികനിലവാരത്തില്‍ റോഡ് നവീകരണത്തിനായി വകയിരുത്തിയത്. തുടര്‍ന്ന് സ്വകാര്യകമ്പനികള്‍ കരാര്‍ ഏറ്റെടുത്ത് പണിയും തുടങ്ങി. കാട്ടാക്കട മണ്ഡപത്തിന്‍കടവ് റോഡിന്റെ ടാറിങ്ങ് തുടങ്ങിയെങ്കിലും ജലജീവന്‍ മിഷന്റെ പണികള്‍ നടക്കുന്നതിനാല്‍ ബാക്കി ഇടങ്ങളില്‍ റോഡ് നവീകരണം എങ്ങുമെത്തിയിട്ടില്ല. കാളിപാറ ശുദ്ധജല പദ്ധതിയില്‍ നിന്നും കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥലങ്ങളിലും മലയിന്‍കീഴ്, വിളപ്പില്‍ പഞ്ചായത്തുകളിലും എത്തിക്കുന്നതിനാണ് നിലവില്‍ റോഡിന്റെ ഇരുവശവും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത്. ഓടകള്‍ അടഞ്ഞതും മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്കു കാരണം.



