ഇന്നലെ മലയാള പത്രങ്ങള്‍ കൈയിലെടുത്തവര്‍ ഒന്നാം പേജ് കണ്ട് ഞെട്ടി. ‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്നാണ് ഒന്നാം പേജിലെ പ്രധാന തലക്കെട്ട്. പേപ്പര്‍ കറന്‍സി ഇല്ലാതാകാന്‍ പോവുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഡിജിറ്റല്‍ കറന്‍സി ഇന്ത്യയില്‍ നടപ്പാക്കാന്‍ പോകുന്നു. ഇത്തരം കാര്യങ്ങളാണ് പ്രധാന വാര്‍ത്തയില്‍ പറയുന്നത്. അങ്ങനെ സംഭവിക്കുമോ? ഏതായാലും ഒന്നാം പേജിലെ വിവരങ്ങള്‍ സത്യമല്ല. രാജ്യത്തുള്ള കറന്‍സിയെല്ലാം പിന്‍വലിക്കുക, പണമിടപാടു മുഴുവന്‍ രായ്ക്കു രാമാനം ഡിജിറ്റലാക്കാക്കുക. അതെല്ലാം അനായാസം ചെയ്യാവുന്ന വെള്ളരിക്കാ പട്ടണമല്ല ഇന്ത്യ. 80 കോടി പേര്‍ക്ക് സൗജന്യമായി അരി നല്‍കേണ്ടി വരുന്ന രാജ്യത്ത്, ഓരോ പൗരന്റെയും കൈയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായാല്‍ പോലും പേപ്പര്‍ കറന്‍സി പൂര്‍ണമായും ഇല്ലാതാക്കി ഡിജിറ്റല്‍ സമ്പ്രദായം കൊണ്ടുവരാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ നിരവധിയുണ്ട്. എങ്കിലും നോട്ട് അസാധുവാക്കിയതിന്റെ കെടുതി അനുഭവിച്ചവരുടെ ഇന്നത്തെ ചര്‍ച്ച ഇതായിരുന്നു.
പത്രങ്ങളുടെ ഒന്നാം പേജ് യഥാര്‍ഥത്തില്‍ മുഴുപ്പരസ്യമാണ്. ചെറിയൊരു മുന്നറിയിപ്പിന്റെ അകമ്പടിയോടെയാണ് മുഴുപേജ് പരസ്യം വാര്‍ത്താ രൂപത്തില്‍ നല്‍കിയത്. മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്ന പേരില്‍ ആറു സാങ്കല്‍പിക വാര്‍ത്തകള്‍. 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കും? അതാണ് പരസ്യം നല്‍കിയവരുടെയും സ്വീകരിച്ചവരുടെയും ഭാവനയായത്. കൊച്ചി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ആതിഥ്യം വഹിക്കുന്ന ഒരു സമ്മേളനത്തിനു വേണ്ടിയാണ് ഭീമമായ തുക ചെലവിട്ട് ഇത്തരമൊരു പരസ്യം നല്‍കിയത്. ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാട് പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചുവെന്നാണ് പരസ്യ വാര്‍ത്തയുടെ ആദ്യ വാചകം. റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയുമൊക്കെ പേരു പറഞ്ഞ് ആധികാരികമെന്ന മട്ടില്‍ ഇത്തരം പരസ്യ വാര്‍ത്തകള്‍ നല്‍കാമോ? പരസ്യവരുമാനത്തിന്റെ പേരില്‍ വായനക്കാര്‍ തെറ്റിദ്ധരിക്കാന്‍ ഇടയാകുന്ന വിധം പരസ്യം വാര്‍ത്തയായി അവതരിപ്പിക്കാമോ? ഈ ചോദ്യങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.



