ന്യൂഡല്‍ഹി: നൂറുശതമാനവും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതിയ ഉത്തരവിനു പിന്നാലെ, രാജ്യത്ത് ഇതിനാവശ്യമായ ഇന്ധന ലഭ്യത എങ്ങനെ ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ജസ്റ്റിസ് എംഎം സുന്ദേഷ്, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക ചോദ്യം ഉന്നയിച്ചത്.
2025-26 വര്‍ഷത്തെ എഥനോള്‍ വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. പൂര്‍ണമായും എഥനോളില്‍ (E100) ഓടാന്‍ കഴിയുന്ന ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് റോഡ് ഗതാഗത മന്ത്രാലയം അടുത്തിടെ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍സ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.’നൂറുശതമാനം എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് അനുമതി നല്കിയിട്ടുണ്ടെങ്കില്, അത്രയും വലിയ അളവില്‍ ഇന്ധന ലഭ്യത എങ്ങനെ ഉറപ്പാക്കുമെന്നാണ് ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്’ -കോടതി വ്യക്തമാക്കി. കോടതിയുടെ ചോദ്യത്തിന് മറുപടിയായി, ഇതിന് വലിയ തോതിലുള്ള ഉത്പാദന ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ ആര് വെങ്കട്ടരമണി കോടതിയെ അറിയിച്ചു.
അതേസമയം, നിലവിലുള്ള പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്ത്തുന്നതല്ലാതെ, പെട്രോളിലെ എഥനോള്‍ മിശ്രണം പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ തത്ക്കാലം പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെയും ഗ്രാമീണരുടെയും താത്പര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും വിഷയത്തില്‍ പരിസ്ഥിതി സംബന്ധമായ വശങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ ഉന്നമനവും പ്രധാനമാണെന്നും കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ഓര്‍മിപ്പിച്ചു.

