ന്യൂഡൽഹി: പാരിസ്ഥിതിക അനുമതി നേടാതെ, നിർമാണം തുടങ്ങിയ ശേഷം മുൻകാല പ്രാബല്യത്തോടെ അനുമതി നേടിയെടുക്കുന്നത് നിർത്തലാക്കിയ സുപ്രീംകോടതിയുടെ സുപ്രധാന വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് 2:1 എന്ന നിലയിൽ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിൽ പഴയ വിധി അസാധുവാക്കാനായി തിരിച്ചുവിളിച്ചത്.കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് ഓഫ് ഇന്ത്യയുടെ വാദം അംഗീകരിച്ച് ജസ്റ്റിസ് വിനോദ് ചന്ദ്രനും ചീഫ് ജസ്റ്റിസ് ഗവായിക്കൊപ്പം നിന്നപ്പോൾ ആദ്യ വിധി പുറപ്പെടുവിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യാൻ തന്റെ നിലപാടിലുറച്ചുനിന്നു. മുൻകാല പ്രാബല്യത്തോടെ, പരിസ്ഥിതി അനുമതി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഭുയ്യാൻ ചൂണ്ടിക്കാട്ടി. പുനഃപരിശോധന ഹരജിയെ കേന്ദ്ര സർക്കാർ അനുകൂലിച്ചു.ചീഫ് ജസ്റ്റിസ് ഗവായിയെയും വിനോദ് ചന്ദ്രനെയും തള്ളി ഉജ്ജ്വൽ ഭുയ്യാൻ ന്യൂഡൽഹി: സുപ്രീംകോടതിയുടെ വനശക്തി വിധിന്യായം പുനഃപരിശോധിക്കാനുള്ള നീക്കത്തിൽ ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ വിയോജിപ്പ് പ്രകടിപ്പിച്ചു. പരിസ്ഥിതി നിയമങ്ങൾ മയപ്പെടുത്താൻ പാടില്ലെന്നുള്ളതിന് അദ്ദേഹം ഡൽഹിയിലെ വായുമലിനീകരണം ഉദാഹരണമായി എടുത്തുകാട്ടി. മുൻകാല പ്രാബല്യത്തോടെ പരിസ്ഥിതി അനുമതി നൽകുന്നതിനെ വിലക്കുന്നതാണ് 2024ലെ വനശക്തി ഉത്തരവ്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി അനുമതി നിർബന്ധമായും നേടണം. രാജ്യത്ത് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള മികച്ച പരിസ്ഥിതി ബോധ്യത്തിൽനിന്ന് കോടതിക്ക് പിന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പരിസ്ഥിതി അനുമതി വാങ്ങാതെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച ചില റിയൽ എസ്റ്റേറ്റ് കമ്പനികൾ സമർപ്പിച്ച പുനഃപരിശോധനാ ഹരജികളിലാണ് ജസ്റ്റിസ് ഭുയാൻ വിയോജിപ്പ് പ്രകടമാക്കിയത്.



