മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി, ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ നിലമ്പൂരിലെ മത്സരരംഗം ചൂടേറി. രാവിലെ 11 മണിക്ക് പ്രകടനമായെത്തിയാണ് എം സ്വരാജ് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധു മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എ വിജയരാഘവന്‍, പി കെ സൈനബ, ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയ സി പി എം നേതാക്കള്‍ സ്വരാജിന് ഒപ്പമുണ്ടായിരുന്നു. ആരു മത്സരിച്ചാലും തന്റെ വിജയപ്രതീക്ഷയ്ക്ക് ഒരു മങ്ങലുമില്ലെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നാലെ പി വി അന്‍വറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പ്രകടനമായെത്തിയാണ് അന്‍വര്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വന്യജീവികള്‍ അളുകളെ കൊല്ലുമ്പോള്‍ അവര്‍ക്ക് 10 ലക്ഷം രൂപയുടെ ചെക്കെഴുതി വെച്ചിട്ടുള്ള മന്ത്രിയുള്ള നാടാണ് നമ്മുടേത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പി വി അന്‍വര്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജും ഉച്ചയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായിട്ടാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ്, ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നു.