Sunday, December 21, 2025
No menu items!
Homeഹരിതംനിഗൂഢ സൗന്ദര്യമൊളിപ്പിക്കുന്ന ഇടുക്കിയുടെ അത്ഭുത മല കാറ്റാടി കടവ്

നിഗൂഢ സൗന്ദര്യമൊളിപ്പിക്കുന്ന ഇടുക്കിയുടെ അത്ഭുത മല കാറ്റാടി കടവ്

ചെറുതോണി : കണ്ണുപോലും കാണാൻ കഴിയാതെ കോടമഞ്ഞില്‍ ആകാശം തൊട്ടു നില്‍ക്കാം, ഇങ്ങനെ ഒരു അനുഭവം ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായിരിക്കും. എങ്കില്‍ കാറ്റാടിക്കടവിലേക്ക് ഒന്ന് പോയി വരാം. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലെ ഒരു വ്യൂ പോയിന്റാണ് കാറ്റാടിക്കടവ്. സമുദ്ര നിരപ്പില്‍ നിന്നും 2600 അടിയോളം ഉയരത്തിലാണ് ഈ മല നിരകള്‍ സ്ഥിതി ചെയ്യുന്നത്. തൊടുപുഴയില്‍നിന്നും കട്ടപ്പന റൂട്ടില്‍ 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചാല്‍ വണ്ണപ്പുറം പഞ്ചായത്തിലെ കിള്ളിപ്പാറ ജംങ്ഷനില്‍ എത്തും അവിടെ നിന്നും 2 കിലോമീറ്റർ നടന്നാല്‍ കാറ്റാടിക്കടവിലെത്താം. ‌അധികം ആളുകള്‍ എത്താത്ത ഇടുക്കിയിലെ മലകളില്‍ ഒന്നാണ് കാറ്റാടിക്കടവ്. ഇടുക്കിയിലെ മറ്റു വ്യൂ പോയിന്റുകളായ മീശപ്പുലിമലയും കോട്ടപ്പാറയുമൊക്കെ പോലെ മേഘങ്ങള്‍ക്കു മുകളില്‍ നിന്ന് കാഴ്ച കാണാൻ പറ്റിയൊരിടമാണിതും.

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നിങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരിടം കൂടിയാണ് കാറ്റാടിക്കടവ്. രണ്ടു കിലോ മീറ്റർ ദൂരം കുത്തനെയുള്ള കയറ്റങ്ങളും ഉരുളൻ കല്ലുകള്‍ നിറഞ്ഞ വഴിയും, പാറക്കെട്ടുകളുമെല്ലാം കടന്നു വേണം കാറ്റാടിക്കടവിലേക്കെത്താൻ. ഇവിടെ രണ്ട് മലകളാണുള്ളത് കാറ്റാടിക്കടവും മരതക മലയും ആദ്യം നമ്മളെത്തുന്നത് കാറ്റാടിക്കടവിലേക്കാണ്. ചെരിച്ച പാറക്കല്ലില്‍ വെട്ടിയെടുത്ത പോലെയുളള ഒരു വ്യൂ പോയിന്റ് ഇവിട നിന്നും നോക്കിയാല്‍ തൊടുപുഴയിലെ മറ്റു പല വിനോദ സഞ്ചാര കേന്ദ്രങ്ങളും കാണാൻ കഴിയും. ഭൂതത്താൻ കെട്ട് ഡാമും തൊമ്മൻകുത്ത് വെള്ളച്ചാട്ടവുംമെല്ലാം കാണാം. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത കാറ്റാണ് മലമുകളില്‍ നില്‍ക്കുമ്ബോള്‍ തെരുവ പുല്ലുകളെ തഴുകി വരുന്ന ആ തണുത്ത കാറ്റ് മാത്രം മതി നടന്നു കയറിയ ദൂരവും കയറ്റങ്ങളും ഒന്നുമല്ലാതെയാകാൻ.

കാറ്റാടിക്കടവില്‍ നിന്നും 800 മീറ്ററോളം ദൂരം നടക്കാനുണ്ട് മരതക മലയിലേക്ക്. മഴക്കാലങ്ങളില്‍ തെരുവ പുല്ലുകള്‍ തളിർത്തു തിങ്ങി നിറഞ്ഞു നില്‍ക്കുമ്ബോള്‍ ഒരു പച്ച മരതക കല്ലുപോലെ മരതക മലയെ കാണാം അങ്ങനെയാണ് ഈ പേരു വരാൻ കാരണമെന്നു പ്രദേശ വാസികള്‍ പറയുന്നത്. കാറ്റാടിക്കടവ് ഇറങ്ങി മരതക മല കയറുന്നതും ഒരു സാഹസിക യാത്രയാണ്. കാടു പോലെ തോന്നിപ്പിക്കുന്ന, ഇരു വശങ്ങളിലും മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു മല‍‍‍ഞ്ചെരുവ് അതിനിടയിലൂടെയുള്ള ചെറിയ വഴികളിലൂടെ വേണം മരതക മലയിലേക്കെത്താൻ. ഉയരം കൂടിയ തെരുവപ്പുല്ലുകളും വലിയ പാറകള്‍ക്കു ഇടയിലൂടെയുള്ള ആ യാത്ര നിങ്ങള്‍ക്ക് ഒരു മികച്ച അനുഭവമായിരിക്കും നല്‍കുന്നത്. മരതക മലയിലയുടെ മുകളില്‍ കയറി നില്‍ക്കുമ്ബോഴാണ് കാറ്റാടിക്കടവിന്റെ യഥാർഥ ഭംഗി നമുക്ക് കാണാൻ കഴിയുന്നത്. ഇവിടത്തെ മറ്റൊരു പ്രത്യേകത കോടയാണ് വളരെ പെട്ടന്നു ഈ മലകള്‍ക്കിടയില്‍ കോട വന്നു നിറയും അതേ വേഗത്തില്‍ കാറ്റു വന്നു കോടയെ കൊണ്ടു പോകും.

മഴക്കാല സമയങ്ങളിലാണ് കാറ്റാടിക്കടവ് ട്രെക്കിങ്ങിനു പറ്റിയ സമയം. മഴ പെയ്തു മറുന്ന സമയങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ കോട കാണപ്പെടുന്നത് തൊട്ടടുത്തു നില്‍ക്കുന്ന ആളെപ്പോലും കാണാൻ കഴിയാത്ത വിധത്തില്‍ ഈ മല മുകളില്‍ കോട നിറയാറുണ്ട്. മഴക്കാലമാണ് ഇവിടെത്തെ കാഴ്ചകള്‍ക്കു പറ്റിയ സമയമെങ്കിലും ഇടി മിന്നലുള്ള സമയങ്ങളില്‍ ഈ മല മുകളിലേക്ക് കയറാതിരിക്കുന്നതാവും നല്ലത്. ഉയരക്കൂടുതലുള്ള പ്രദേശമായതിനാല്‍ മിന്നലേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പ്രദേശ വാസികള്‍ പറയുന്നു. ബൈക്ക് യാത്രികരാണ് കൂടുതലും കാറ്റാടിക്കടവിലെത്തുന്ന ആളുകള്‍, തൊടുപുഴയില്‍ നിന്നും കിള്ളിപ്പാറവഴി ബസ് സർവീസുണ്ട്. ഇടുക്കിയല്‍ നിന്നും വരുന്നവർക്ക് കട്ടപ്പന-തൊടുപുഴ വഴിയിലൂടെ ഇവിടേക്കെത്താം, കോട്ടയത്തു നിന്നും കൂത്താട്ടുകുളം വഴിയും എറണാകുളത്തു നിന്നും മുവാറ്റുപുഴ തൊടുപുഴ വഴിയും കാറ്റാടിക്കടവിലേക്കെത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments