നാളികേര കാർഷിക വികസനം ലക്ഷ്യമിട്ട് നൂതന സാങ്കേതികവിദ്യകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച കോകൊ ഫെസ്റ്റിന് കവരത്തിയിൽ തുടക്കം. വിവിധ ദ്വീപുകളിലെ കർഷകർ എത്തിക്കുന്ന നാളികേര ഉൽപന്നങ്ങളുടെ പ്രദർശനം, ഭക്ഷ്യമേള, സംരംഭക സംഗമം, തെങ്ങ് കയറ്റ മത്സരം, പാചക മത്സരം, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്കാരികോത്സവം തുടങ്ങിയവ മേളയിലുണ്ട്. നാളികേരത്തിൽ നിന്നുള്ള കരകൗശല വസ്തുക്കളും വൈവിധ്യമാർന്ന നാളികേര രുചികളും പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. ലക്ഷദ്വീപിന്റെ പാരമ്പര്യ തനിമ അടയാളപ്പെടുത്തുന്ന കല-സംഗീത പരിപാടികളും മേളയുടെ ഭാഗമാണ്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം, ദ്വീപിലെ കൃഷി വകുപ്പ്, കാർഷിക ഉൽപാദന സംഘം എന്നിവർ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉപജീവനത്തിലും സംസ്കാരത്തിലും ദ്വീപുവാസികളുടെ ജീവനാഡിയായ നാളികേര കാർഷികവൃത്തിയുടെ സുസ്ഥിര വികസനമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. വെളിച്ചെണ്ണ, നാളികേര അധിഷ്ഠിത മധുരപലഹാരങ്ങൾ, വിനാഗിരി, നീര, മറ്റ് തദ്ദേശീയ മൂല്യവർദ്ധനകൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.ഗവേഷണ സ്ഥാപനങ്ങൾ, എല്ലാ ദ്വീപുകളിൽ നിന്നുമുള്ള കർഷക ഉൽപാദക സംഘടനകൾ, സ്വയം സഹായ സംഘങ്ങൾ, ചെറുകിട വ്യവസായങ്ങൾ, മറ്റ് ഏജൻസികൾ എന്നിവരുടേതുൾപ്പെടെ 50ഓളം സ്റ്റാളുകൾ മേളയിലുണ്ട്.