തിരുവനന്തപുരം: നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. നിയമസഭാ അങ്കണത്തിൽ ഒരുക്കുന്ന 300 സ്റ്റാളുകളിലായി 180 പ്രസാധകർ പങ്കെടുക്കും.
നാളെ മുതൽ ജനുവരി 13 വരെ ഏഴ് ദിവസം നീണ്ട പുസ്തകമേളയാണ് കേരള നിയമസഭ അങ്കണത്തിൽ ഒരുക്കുന്നത്. പുസ്തകമേളയുടെ ഓഫീസ് ഇന്ന് സ്പീക്കർ ഷംസീറും മന്ത്രി ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. സ്പീക്കർ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. 300 സ്റ്റാളുകളിലായി 180 പ്രസാധകർ പങ്കെടുക്കും. ആറ് വേദികളിലായി പുസ്തക പ്രകാശനങ്ങളും ചർച്ചകളും എഴുത്തുകാരുമായുള്ള സംവാദങ്ങളും നടക്കും.
മൗറീഷ്യസിൻ്റെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം, ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലിമ നസ്രിൻ, റാണാ അയൂബ്, ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ തുടങ്ങിയ ലോകപ്രശസ്തർ ഇത്തവണ അതിഥികളായെത്തും. നടൻ ശ്രീനിവാസൻ്റെ സ്മരണയ്ക്കായി പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക സെഷനും ഇത്തവണത്തെ ആകർഷണമാണ്. വടക്കൻ കേരളത്തിൻ്റെ തനത് കലാരൂപമായ തെയ്യം ജനുവരി 8 മുതൽ 12 വരെ അരങ്ങേറും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ തെയ്യാവതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വൈകുന്നേരങ്ങളിൽ കെ.എസ്. ചിത്ര, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ നയിക്കുന്ന 10 മെഗാഷോകൾ അരങ്ങേറും



