നായ്ക്കളെ വീട്ടിൽ വളർത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. പഞ്ചായത്ത് രാജ് ലൈസൻസ് റൂൾ 1998 പ്രകാരമുള്ള ചട്ടങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. പേവിഷബാധ പ്രതിരോധ കുത്തിവയ്‌പു നടത്തിയിട്ടുള്ള വളർത്തുനായ്ക്കൾക്കാണ് ലൈസൻസ് നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥഥാപന സെക്രട്ടറിക്കാണ് ലൈസൻസിനായി അപേക്ഷ നൽകേണ്ടത്.
അപേക്ഷാഫോമിന്റെ ആദ്യഭാഗത്ത് അപേക്ഷകന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, വാർഡ് നമ്പർ, കെട്ടിട നമ്പർ എന്നിവ ഉൾപ്പെടുത്തണം. രണ്ടാമത്തെ ഭാഗത്ത് നായയുടെ വിവരങ്ങൾ ഉൾപ്പെടുത്തണം. ലൈസൻസ് ഏതു മൃഗത്തിനാണ്, അപേക്ഷകൻ ഉടമസ്‌ഥനോ കൈവശക്കാരനോ സൂക്ഷിപ്പുകാരനോ എന്ന വിവരവും മൃഗത്തെ വളർത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ വിവരങ്ങളും (കെട്ടിട നമ്പർ, വീട്ടുനമ്പർ, വീട്ടുപേര്, സ്‌ഥലം) രേഖപ്പെടുത്തണം. വളർത്തുനായയുടെ ഇനം, എണ്ണം, പ്രായം, ലിംഗം, നിറം, വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി എന്നിവയും പൂരിപ്പിക്കണം. ഗ്രാമപഞ്ചായത്തുകളിൽ 50 രൂപയും മുനിസിപ്പാലിറ്റികളിൽ മുനിസിപ്പാലിറ്റിയുടെ ബൈലോ പ്രകാരമുള്ള തുകയും ഫീസായി ഈടാക്കും. തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിൽനിന്നു കിട്ടുന്ന നിശ്ചിത അപേക്ഷാഫോമിൽ അഞ്ചു രൂപയുടെ കോർട്ട് ഫീ സ്‌റ്റാംപ് ഒട്ടിച്ചു വേണം നൽകേണ്ടത്. ഒപ്പം പേവിഷബാധ പ്രതിരോധ സർട്ടിഫിക്കറ്റിൻ്റെ പകർപ്പും നൽകണം. ഓൺലൈനായും ലൈസൻസിന് അപേക്ഷ നൽകാം.
അപേക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ ലൈസൻസ് അനുവദിച്ചു നൽകും. തക്കതായ കാരണം മൂലം അപേക്ഷ നിരസിക്കാൻ സെക്രട്ടറിക്ക് അധികാരമുണ്ട്. ലൈസൻസിന്റെ കാലാവധി ഒരു വർഷമാണ്. എല്ലാ വർഷവും നിശ്ചിത ഫീസ് അടച്ച് ലൈസൻസ് പുതുക്കണം. എല്ലാ വർഷവും പ്രതിരോധ കുത്തിവയ്‌പ് ആവർത്തിക്കുകയും വേണം.